എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും 2020 മാര്‍ച്ചോടെ വില്‍ക്കും; നിര്‍മല സീതാരാമന്‍

2020 മാര്‍ച്ചോടെ സര്‍ക്കാര്‍ സര്‍വീസായ എയര്‍ ഇന്ത്യയേയും ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷനേയും (ബിപിസിഎല്‍) വില്‍ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് രണ്ട് സുപ്രധാന പൊതുമേഖല കമ്പനികള്‍ വില്‍ക്കുന്നെന്ന്  നിർമ്മല സിതാരാമൻ ടെെംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. വിദേശ നിക്ഷേപക സംഗമങ്ങളില്‍ എയര്‍ ഇന്ത്യയുടെ വില്‍പനയില്‍ നിക്ഷേപകര്‍ ഇപ്പോള്‍ വലിയ താത്പര്യം കാണിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ അത്ര താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ശരിയായ സമയത്ത് ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും എല്ലാ മേഖലകളിലെ പ്രതിസന്ധികളും മറികടക്കുമെന്നും മന്ത്രി അറിയിച്ചു.

Content Highlight; Air India, Bharat Petroleum Corporation to be sold by March: FM Nirmala Sitharaman