ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആഭ്യന്തര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധത്തിന് തുടക്കം കുറിച്ച് ഐഐടി വിദ്യാര്‍ത്ഥികള്‍. മരണത്തില്‍ ആഭ്യന്തര അന്വേഷണം വേണമെന്നതിന് പുറമെ വിദ്യാര്‍ത്ഥികള്‍ സമരത്തിലൂടെ ഒട്ടേറെ ആവശ്യങ്ങളാണ് മൂന്നോട്ടു വയ്ക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്യാമ്പസിനു പുറത്ത് വിദഗ്ധ സമതിയെ നിയമിക്കുക, സ്റ്റുഡന്റ് ലജിസ്ലേറ്റീവ് കൗണ്‍സില്‍ (എസ്എല്‍സി) പാസാക്കിയ പ്രമേയങ്ങള്‍ നടപ്പാക്കുക, എല്ലാ ഐഐടി വകുപ്പുകളിലും പ്രത്യേകം പരാതി കമ്മറ്റികള്‍ രൂപികരിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.
ഫാത്തിമയുടെ മരണത്തിനു പിന്നാലെ നിവേദനം നല്‍കിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് സമരം തുടങ്ങിയതെന്ന് ചിന്താബാര്‍ ഭാരവാഹികള്‍ പറഞ്ഞു. 250 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട നിവേദനമാണ് ചിന്താബാര്‍ ഐഐടി അധികൃതര്‍ക്ക് സമര്‍പ്പിച്ചത്.
കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ സമരം കൂടൂതല്‍ ശക്തമാകുമെന്നും എന്നാൽ ഇതുവരെ ഐഐടി റജിസ്ട്രാറും, മറ്റ് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം ഉദ്യോഗസ്ഥരും പ്രതികരിച്ചിട്ടില്ല എന്നും ചിന്താബാര്‍ അറിയിച്ചു. ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം വേണമെന്ന് ഫാത്തിമയുടെ പിതാവ് ഐഐടി ഡയറക്ടര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം ഉന്നയിച്ചാണ് സമരം നടക്കുന്നത്.
ഡയറക്ടറുടെ ചുമതല വഹിക്കുന്ന വ്യക്തിയോ, റജിസ്ട്രാറോ ചര്‍ച്ചയ്ക്കു വിളിച്ചാല്‍ സമരം അവസാനിപ്പിക്കുമെന്ന് ഇമെയില്‍ മുഖേന അറിയിച്ചിട്ടുണ്ട്. ചിന്താബാര്‍ മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ്. ആശയങ്ങൾ, സംവാദങ്ങള്‍, ചര്‍ച്ചകള്‍, കലാപരിപാടികള്‍ എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. പ്രത്യേക നിയമങ്ങളോ, പ്രഖ്യാപിത നയങ്ങളോ ഇല്ലാതെയാണു പ്രവര്‍ത്തനങ്ങൾ. നൂറോളം സജീവ അംഗങ്ങളാണ് കൂട്ടായ്മയിൽ ഉള്ളത്.
content highlights ; IIT students strike