ഒക്ടോബര്‍ ഒന്നിന് മുംബൈയില്‍ നിന്ന് കാണാതായ 14കാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കൊന്നതിന് ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു.
ഒക്ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് 2 മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തൊട്ടടുത്ത ദിവസം തന്നെ മകളെ കാണാതായ വിവരം പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസി, 25കാരനായ അജയ് ബന്‍വാഷിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷൂ വൃത്തിയാക്കുന്ന ഒരു ചെറിയ സ്ഥാപന൦ നടത്തിവരികയായിരുന്ന ബന്‍വാഷി ഒറ്റക്കായിരുന്നു താമസം.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ച പൊലീസ് പെൺകുട്ടിയുമായി ബൻവാഷിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ബന്‍വാഷി ഇത് നിഷേധിച്ചു. ഇയാൾ മറ്റൊരു ഫോൺ ഉപയോഗിക്കുന്നതായും പൊലീസ് കണ്ടെത്തി. ആ രാത്രിയില്‍ ഇയാള്‍ തലസരിയിലേക്ക് പോയതായും ഫോണ്‍ ഡേറ്റയില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചു.
”ബന്‍വാഷിയെ പലതവണ ചോദ്യം ചെയ്തു. എന്നാല്‍ അയാള്‍ കുറ്റകൃത്യം നിഷേധിക്കുകയും ഞങ്ങളെ തെറ്റിദ്ധരിപ്പിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ വീണ്ടും ചോദ്യം ചെയ്തതോടെ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നും മൃതദേഹം തലസരിയില്‍ ഉപേക്ഷിച്ചുവെന്നും സമ്മതിച്ചു” – സീനിയര്‍ പൊലീസ് ഓഫീസര്‍ രാജു കസ്ബെ പറഞ്ഞു.
പ്രതി പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഇത് പെണ്‍കുട്ടി നിഷേധിച്ചതോടെ അയാൾ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. കുട്ടി ഉറക്കെ കരയാന്‍ തുടങ്ങിയതോടെ കുപ്പികൊണ്ട് തലക്കടിച്ചു. ശ്വാസം മുട്ടിച്ചുകൊന്നതിന് ശേഷം മൃതദേഹം ഒരു ചാക്കില്‍ കെട്ടി ബൈക്കില്‍ തലസരിയിലേക്ക് കൊണ്ടുപോയി. സന്ധ്യയ്ക്ക് ശേഷം ചാക്കില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് കാടിന് സമീപത്തുള്ള ഒരു കനാലിൻറെ അടുത്ത് കൊണ്ടുപോയി ബൈക്കില്‍ നിന്ന് പെട്രോള്‍ എടുത്ത് മൃതദേഹം കത്തിക്കുകയും ചെയ്തു. മൃതദേഹം കത്തി തീരുന്നതിന് മുമ്പ് തന്നെ കനാലില്‍ തള്ളി. പിറ്റേന്ന് തലസരി പൊലീസ് മൃതദേഹം കണ്ടെത്തുകയും കൊലപാതകത്തിന് കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ഡിഎൻഎ പരിശോധനയിലാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്. പോക്സോ ആക്ട് പ്രകാരം കേസെടുത്ത പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതിന് ശേഷം നവംബര്‍ 25 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Content highlight; accused give in after a month and a half