രണ്ടാഴ്ച മുമ്പ് അഫ്ഗാന് സുരക്ഷാസേനയ്ക്ക് മുമ്പാകെ ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളായ ഭീകരവാദികളും കുടുംബങ്ങളും കീഴടങ്ങിയെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ സംഘത്തിലെ മലയാളി യുവതിയെ തിരിച്ചറിഞ്ഞതായി സൂചന. കാസര്‍കോട് സ്വദേശി അയിഷ എന്ന സോണിയ സെബാസ്റ്റ്യനെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐസിസ് സംഘത്തില്‍ ചേരാനായി 2016ല്‍ ഇന്ത്യവിട്ട 21 അംഗ സംഘത്തില്‍ ആയിഷയുണ്ടെന്നാണ് വിവരം.
900 പേരടങ്ങുന്ന ഐഎസ് സംഘം കീഴടങ്ങിയെന്നാണ് വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 10 പേര് മലയാളികളുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഭീകരര്‍ കീഴടങ്ങിയതായി വിവരമില്ലെന്നും അഫ്ഗാനിസ്ഥാന് ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരമൊന്നും നല്‍കിയിട്ടില്ലെന്നുമാണ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. ഈ പത്ത് പേരെയും അഫ്ഗാന് തലസ്ഥാനമായ കാബൂളിലേക്ക് മാറ്റിയതായാണ് സൂചന.
അഫ്ഗാന് ദേശീയ സുരക്ഷാ ഏജന്‍സിയും, ഇന്റലിജന്‍സ് ഏജന്‍സികളും ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്നു. ഓരോരുത്തരേയും വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. നവംബര്‍ 12-ന് അഫ്ഗാന് സുരക്ഷാ സേന നടത്തിയ ഓപ്പറേഷനെത്തുടര്‍ന്നായിരുന്നു കീഴടങ്ങല്‍. ഓപ്പറേഷന് തുടങ്ങി മണിക്കൂറുകള്‍ക്കകം 93 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ചു. എല്ലാവരും ആയുധം വച്ച് കീഴടങ്ങി. ഇതില്‍ 13 പാക് പൗരന്മാരുമുണ്ടായിരുന്നു.
ഭീകരര്‍ കീഴടങ്ങിയെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ തൃക്കരിപ്പൂരിലെത്തിയിരുന്നു. തൃക്കരിപ്പൂര്‍ സ്വദേശി റാഷിദിൻറെ ഭാര്യയാണ് സോണി സെബാസ്റ്റ്യന്‍ എന്ന ആയിഷ. കേരളത്തില്‍ നിന്ന് ഐസിസിലേക്ക് ആളുകളെ ചേര്‍ത്തത് റാഷിദാണ്. അയിഷയെ വിവാഹം ചെയ്തശേഷം കോഴിക്കോട് പീസ് ഇൻ്റര്‍നാഷണല്‍ സ്കൂളില്‍ അദ്ധ്യാപകനായി എത്തിയ റാഷിദ് സഹപ്രവര്‍ത്തകയായ യാസ്മിന് എന്ന ബീഹാറി യുവതിയുമായി സൗഹൃദത്തിലായി. പിന്നീട് യാസ്മിനെ റാഷിദ് തൻറെ രണ്ടാം ഭാര്യയാക്കി. 2016 മെയ് 31നാണ് മൂവരും മുംബൈ വഴി മസ്ക്കറ്റിലേക്ക് പോയത്. രാജ്യം വിടുമ്പോള്‍ അയിഷ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ യു.എസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടതായും നാട്ടിലുള്ളവര്‍ക്ക് സന്ദേശം ലഭിച്ചിരുന്നു.
Content highlights: Kerala mastermind Rashid’s wife Ayesha surrenders Afghanistan