ആവശ്യ സാധനങ്ങള്‍ കമ്യൂണിറ്റി ഷോപ്പിലൂടെ സൗജന്യമായി വാങ്ങാം; ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ മതി

ആവശ്യ സാധനങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ക്ക് ഒരു കൈതാങ്ങ് എന്ന ലക്ഷ്യത്തോടെയാണ് ബെംഗളൂർ നഗരത്തിലെ ഓഫ് സര്‍ജുപുര റോഡില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ഷോപ്പ്. ഇനി ഒരുനേരത്തെ ഭക്ഷണത്തിനോ, ആവശ്യസാധനങ്ങളുടെ കുറവിലോ ഇനിയാരും അലയേണ്ടി വരില്ല. ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ ഇവിടെയെത്തുന്നവര്‍ക്ക് ആവശ്യ സാധനങ്ങള്‍ സൗജന്യമായി വാങ്ങാം.

വയനാട് സ്വദേശി അഡ്വ. ബൈജു സ്റ്റീഫൻറെ നേതൃത്വത്തിലുള്ള പുനര്‍ജനി ജീവകാരുണ്യ ട്രസ്റ്റാണ് ബെംഗളൂരുവില്‍ കമ്യൂണിറ്റി ഷോപ്പ് ആരംഭിച്ചത്. സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അരിയടക്കമുള്ള ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും ഷോപ്പിലെത്തിക്കാം. ഇതോടൊപ്പം ട്രസ്റ്റും സാധനങ്ങള്‍ ശേഖരിക്കും. ആവശ്യക്കാര്‍ക്ക് ഇവ സൗജന്യമായി വാങ്ങാം. ഇവരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതായി ആധാര്‍ വിവരങ്ങള്‍ ശേഖരിക്കും.

തുടക്കത്തില്‍ ഒരാള്‍ക്ക് മാസം രണ്ടു കിലോ അരിയും രണ്ട് ജോടി വസ്ത്രങ്ങളുമാണ് നല്‍കുന്നത്. എന്നാല്‍ ഭക്ഷണസാധനങ്ങള്‍ക്ക് ചില ഇളവുകളും നല്‍കുന്നുണ്ട്. അരി, വസ്ത്രങ്ങള്‍, ചെരിപ്പ്, പാത്രങ്ങള്‍, കിടക്കവിരി, കുട്ടികളുടെ പഠന സാമഗ്രികള്‍ എന്നിവയെല്ലാം കടയില്‍ ലഭിക്കും. ചേരിപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ട്രസ്റ്റ് സഹായങ്ങള്‍ എത്തിക്കാറുണ്ട്. പ്രളയബാധിതര്‍ക്കും പുനര്‍ജനി ട്രസ്റ്റ് സഹായമെത്തിച്ചിരുന്നു.

ആവശ്യസാധനങ്ങളുമായി ചെല്ലുമ്പോഴുള്ള തിരക്കും എല്ലാവരിലും സഹായമെത്തിക്കുന്നതിലുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് കമ്യൂണിറ്റി ഷോപ്പ് ആരംഭിച്ചതെന്ന് മാനേജിങ് ട്രസ്റ്റിയായ അഡ്വ. ബൈജു സ്റ്റീഫന്‍ പറഞ്ഞു. നഗരത്തിലെ വിവിധ മേഖലകളില്‍നിന്നു നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും സ്ഥലം ലഭ്യമാക്കിയാല്‍ ഷോപ്പ് കൂടുതല്‍ സ്ഥലങ്ങളില്‍ ആരംഭിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

വീടുകളില്‍ ഉപയോഗമില്ലാത്ത സാധനങ്ങള്‍ ഇവരുടെ കൈയിൽ ഏല്‍പ്പിക്കാം. എന്നാല്‍, ഗുണനിലവാരം ഉറപ്പുവരുത്തി മാത്രമേ ഇവ ആവശ്യക്കാരിലെത്തിക്കു എന്നതാണ് പ്രത്യേകത. അഡ്വ. ബൈജു സ്റ്റീഫനും ഭാര്യ ഡോ. ഷെര്‍മിജ ബി. സ്റ്റീഫനും ചേര്‍ന്നാണ് ട്രസ്റ്റിൻറെ മേല്‍നോട്ടം വഹിക്കുന്നത്.

Content highlight; essential goods can be purchased for free, provided the aadhaar card information.