രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലെന്ന് നാഷണല്‍ സാംപിള്‍ സര്‍വെ റിപ്പോര്‍ട്ട്. ജൂലൈ 2017 -ജൂണ്‍ 2018 കാലയളവില്‍ രാജ്യത്തെ ആരോഗ്യ അവസ്ഥയെക്കുറിച്ചറിയാന്‍ ഹൗസ്‌ഹോള്‍ഡ് സോഷ്യല്‍ കണ്‍സംപ്ഷന്‍ ഇന്‍ ഇന്ത്യ: ഹെല്‍ത്ത് എന്ന നാഷണല്‍ സാംപിള്‍ സര്‍വെ നടത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തുവന്നത്.

ശ്വാസകോശ സംബദ്ധമായ അസുഖങ്ങൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് കേരളത്തിലെ ജനങ്ങളുടെ മുഖ്യ ആരോഗ്യവിഷയങ്ങളെന്നാണ് സര്‍വെയില്‍ തെളിഞ്ഞത്. ഏതെങ്കിലും തരത്തിൽ രോഗികളായിട്ടുള്ളവർ ദേശീയ തലത്തിൽ 7.5 ശതമാനമാമെങ്കിൽ കേരളത്തിലത് 24.5 ശതമാനമാണ്. എന്നാൽ ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവടങ്ങളിൽ ഇത് 9.9 ശതമാനമാണെന്നും സർവ്വേയിൽ വിശദമാക്കുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ തേടേണ്ടി വരുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് കേരളത്തിലുള്ളത്. ആയിരം ആളുകളില്‍ 105 പേര്‍ വര്‍ഷത്തില്‍ ആശുപത്രിയില്‍ പ്രവേശിച്ച് ചികില്‍സ തേടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

കേരളത്തിലെ ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ചികില്‍സ തേടുന്നവര്‍ 47.5 ശതമാനം പേരാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടുന്നത്. എന്നാല്‍ കിടത്തി ചികില്‍സ ലഭിക്കുന്നതിന് കൂടുതല്‍ പേരും ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്.

ഔട്ട് പേഷ്യൻറ് വിഭാഗത്തിലെ രോഗികൾ കേരളത്തിൽ ശരാശരി 480 രൂപ ചിലവഴിക്കുമ്പോൾ ദേശിയ തലത്തിൽ അത് 636 രൂപയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള ചിലവില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 4469 രുപ കേരളത്തില്‍ ശരാശരി ചിലവഴിക്കപ്പെടുമ്പോള്‍, സ്വകാര്യ ആശുപത്രിയില്‍ 28,775 രൂപയാണ് ശരാശരി ചെലവ്. ദേശീയ തലത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 4465 രൂപ ശരാശരി ചിലവിടുമ്പോള്‍ 31,845 രൂപയാണ് സ്വകാര്യ ആശുപത്രിയില്‍ ചിലവഴിക്കുന്നത്.

Content highlights: NSS survey found that Kerala is the most morbid state

LEAVE A REPLY

Please enter your comment!
Please enter your name here