കേരള പോലിസിൻറെ സദാചാര  പോലിസിംഗ്

kerala police moral policing

‘ആയിക്കോളൂ പക്ഷേ കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന സമൂഹം കാണുന്നുണ്ട്’. സേവ് ദി ഡേറ്റിനു താക്കീതുമായി കേരള പൊലീസ് മീഡിയ സെൻററിൻറെ ഫേസ്ബുക്ക് പേജ്. സാമൂഹ്യ മാധ്യമങ്ങളുടെ കാലത്ത് വിവാഹ ക്ഷണവും ന്യൂ ജെൻ ആണ്. വധൂവരന്‍മാരുടെ പ്രണയരംഗങ്ങള്‍ അടങ്ങിയ സേവ് ദി ഡേറ്റ്, പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായ ഈ കാലഘട്ടത്തിൽ ഇത് കുട്ടികൾ കൂടി കാണുന്നുണ്ടെന്നാണ് പൊലിസ് ഓർമ്മിപ്പിക്കുന്നത്. എന്നാൽ യുവതലമുറയുടെ സ്വകാര്യതയിലേക്കുള്ള പൊലീസിൻ്റെ കടന്നുകയറ്റമായാണ് ഇതിനെ കാണാൻ സാധിക്കുന്നത്. ‘കുട്ടികള്‍ കാണുന്നു എന്ന് അല്ലെ പറഞ്ഞുള്ളൂ. അതാണോ സദാചാരം’ എന്നാണ് പേജിന്റെ പേരിലെ സ്റ്റേറ്റ് മാറ്റി അവിടെ സദാചാരം എന്നിടുന്നതാണ് നല്ലതെന്ന കമന്റിനോട് പൊലീസ് പ്രതികരിച്ചത്. 

ഇതിനു മുൻപും പലതവണ ഇങ്ങനെ ഉണ്ടായിട്ടുണ്ട്. ഒടുവിൽ വിവാദമാകുമ്പോൾ പോസ്റ്റുകൾ പിൻവലിക്കുകയാണ് പതിവ്. പലസമയവും നിയമപാലകർ സദാചാര വാദികളായി മാറുകയാണ്. സെക്യൂരിറ്റിയെ അകാരണമായി മർദ്ധിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തപ്പോഴും ആ വാർത്ത സ്ത്രീ വിരുദ്ധ പരാമർശത്തോടെയാണ് പോലിസ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. ദി കിങ്‌ എന്ന മലയാള സിനിമയിലെ ‘മേലിലൊരു ആണിൻ്റേയും മുഖത്തിനു നേരെ ഉയരില്ല നിൻ്റെയി കയ്യ് ‘ എന്ന ഡയലോഗ് പോസ്റ്റിനൊപ്പം ചേർക്കുകയും ചെയ്തു. ഒടുവിൽ വിവാദമായപ്പോൾ ചിത്രം പിൻവലിക്കുകയായിരുന്നു. 

കനകക്കുന്നിലെ പിങ്ക്  പൊലീസിൻ്റെ സദാചാരവും ഇത്തരത്തിൽ വിവാദമായ മറ്റൊന്നാണ്. സംസാരിച്ചിരുന്ന സുഹൃത്തളോട് മോശമായി സംസാരിക്കുകയും ആ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയും ചെയ്തതോടെയാണ് വിവാദമായത്. ഇതേ തുടർന്ന് സദാചാരപാലകാരല്ല പൊലീസ് എന്ന് പൊലീസ് മേധാവി തന്നെ പറയേണ്ട സാഹചര്യവും ഉണ്ടായി.

മുൻ പൊലീസ് മേധാവിയായ സെൻകുമാറിൻ്റെ ജെ എൻ യു പരാമർശവും ഇത്തരത്തിൽ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. ജെ എൻ യുവിലെ ഹോസ്റ്റലുകളിൽ ഗർഭനിരോധന ഉറകൾ നിറഞ്ഞിരിക്കുകയാണെന്നും അവിടെ പെൺകുട്ടികൾ ആൺകുട്ടികളുടെ ഹോസ്റ്റലിൽ ആണ് ഉറങ്ങുന്നത് എന്നും അവർ കോണ്ടം ഉപയോഗിച്ചാണ് തലമുടി കെട്ടുന്നതെന്നും ആയിരുന്നു സെൻകുമാറിൻറെ പരമാർശം. അത്തരത്തിൽ ഒരു ചിത്രവും സെൻകുമാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. നിയമ പാലനം നടത്താൻ പലപ്പോഴും മറന്നു പോകുന്ന പൊലിസ് ഇത്തരം കാര്യങ്ങളിൽ അസാധാരണ ജാഗ്രത പുലർത്തുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. 

ഇത്തരത്തിൽ നിരവധി തവണയാണ് പൊലീസ് നിയമപാലനം മറന്നു മോറൽ പൊലീസ് ആയി മാറുന്നത്. സംരക്ഷകരാകേണ്ടവർ തെറ്റായ സന്ദേശകരാവുകയാണ്. സ്ത്രീ വിരുദ്ധതയും വ്യക്തിയുടെ സ്വകാര്യതകളിലേക്കുള്ള കടന്നു കയറ്റവും  സമൂഹമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പരാമർശങ്ങളും സമൂഹത്തിൽ പൊലീസിൻ്റെ സ്വീകാര്യത ഇല്ലാതാക്കും. ഭരണഘടന ധാർമ്മികതയിൽ ഉറച്ച തുടർ വിദ്യാഭാസം പൊലീസിന് നൽകേണ്ടത് ആവശ്യകരമായി വന്നിരിക്കുകയാണ് ഇപ്പോൾ. 

Content Highlights:  Moral policing of Kerala police get criticized by social media

LEAVE A REPLY

Please enter your comment!
Please enter your name here