ഹൈദരാബാദില്‍ 26കാരിയായ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് പൊലീസ്. ഹൈദരാബാദില്‍ ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പോലീസ് വ്യക്തമാക്കി.
മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളില്‍ നിന്നാണ് സൈബര്‍ബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആന്ധ്രാപ്രദേശില്‍ പതിനൊന്ന് വര്‍ഷം മുന്‍പ് രണ്ടു പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച മൂന്നു പ്രതികളെ രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ എന്‍കൗണ്ടര്‍ ചെയ്ത് കൊന്ന പോലീസ് ഓഫീസര്‍ വി സി സജ്ജനാര്‍ ആണ് ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ. അദ്ദേഹത്തിൻറെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നതെന്നാണ് സൂചന.
സംഭവത്തെ കുറിച്ച് രാവിലെ അറിഞ്ഞപ്പോള്‍ ഞെട്ടലാണ് ഉണ്ടായതെന്നും നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഹൈദരാബാദ് ബലാത്സംഗക്കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന തെലങ്കാന പോലീസ് നടപടിയെ സ്വാഗതം ചെയ്ത് ഡൽഹിയിലെ നിര്‍ഭയയുടെ അമ്മയും രംഗത്ത് വന്നു. ഞങ്ങള്‍ നീതിക്ക് വേണ്ടി ഏഴ് വര്‍ഷം പോരാട്ടം നടത്തുകയാണെന്നും കൂട്ടിച്ചേർത്തു.
എന്നാൽ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ശിക്ഷ തന്നെയാണ് അവര്‍ക്ക് ലഭിച്ചതെങ്കിലും വിചാരണ ചെയ്ത് കുറ്റം തെളിഞ്ഞ ശേഷമാണ് അവരെ ശിക്ഷിക്കേണ്ടത് എന്നായിരുന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ പ്രതികരിച്ചത്.
Content highlight; “tried to escape from the crime scene” 4 accused in rape case have been killed on police encounter.