ദേശീയ പൌരത്വ ഭേദഗതി ബിൽ ലോക് സഭ പാസാക്കി

lok sabha passes citizen amendment bill

പൌരത്വ ഭേദഗതി ബിൽ ലോക് സഭ പാസാക്കി. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ പ്രതിപക്ഷത്തിൻ്റെ കടുത്ത വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ചാണ് ബിൽ ലോക് സഭയിൽ പാസാക്കിയത്. 311 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇന്ത്യയിലെ ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നതിനുള്ള നിലപാടാണ് ബി ജെ പി സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

മതിയായ രേഖകളോടെ ഇന്ത്യയിൽ 12 വർഷം താമസിക്കുന്ന വിദേശികൾക്ക് മാത്രം പൌരത്വം നൽകുന്നതാണ് 1955 ലെ ദേശീയ പൌരത്വ ബിൽ. ഈ ബില്ലിനെ ഭേദഗതി ചെയ്യുന്നതാണ് പുതിയതായി പാസാക്കിയ ബിൽ. അയൽ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൌരത്വം നൽകുന്ന ബില്ലാണ് പൌരത്വ ഭേദഗതി ബിൽ. മറ്റ് പല മതത്തിൽ പെടുന്ന വിശ്വാസികൾക്ക് രേഖകളൊന്നും ഇല്ലാതെ തന്നെ ഇന്ത്യൻ പൌരത്വം നൽകുന്നതാണിത്.

പുതിയ ഭേദഗതി ബിൽ അനുസരിച്ച് 2014 ഡിസംബർ 31ന് മുൻപായി പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെക്ക് കുടിയേറിയ മുസ്ലീങ്ങള്‍ ഒഴികയുള്ള അഭയാര്‍ത്ഥികള്‍ക്ക് മാത്രമേ പൌരത്വത്തിനുള്ള വ്യവസ്ഥ ബാധകമാവുകയുള്ളു. ഒരു മത വിഭാഗത്തിലെ ആളുകളെ മാത്രം മാറ്റിനിർത്തി മതത്തിൻ്റെ പേരിൽ വിവേചനം കാണിക്കുന്ന നിയമമാണ് ഇപ്പോൾ പാസാക്കിയിരിക്കുന്നത്.

ഇന്ത്യൻ ഭരണ ഘടനയുടെ അടിസ്ഥാന ആശയങ്ങളിൽ ഒന്നായ മതനിരപേക്ഷതയെ ചോദ്യം ചെയ്യുന്നതാണ് പൌരത്വ ഭേദഗതി ബിൽ. ഭരണ ഘടനയിലെ ആർട്ടിക്കിൾ 14 ൻ്റെ ലംഘനമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. പൗരത്വ ഭേദഗതി ബില്ല് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വത്തിന്‍റെ തന്നെ നിഷേധമാണെന്ന് കേരളത്തില്‍ നിന്നുള്ള എം പി എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. ഇന്ത്യയുടെ നിയമനിര്‍മ്മാണ ചരിത്രത്തിലെ തന്നെ ആദ്യത്തെ കുറ്റകൃത്യമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യങ്ങളില്‍ ഇസ്‌ലാം മതാടിസ്ഥാനത്തിലുള്ള ഭരണഘടനകളുള്ളത് കൊണ്ട് തന്നെ അവിടെ നിന്നുള്ള മുസ്‌ലികളെ ബില്ലില്‍ ഉള്‍പ്പെടുത്തേണ്ടതല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ വ്യക്തമാക്കി. ചരിത്രത്തിലാദ്യമായാണ് ന്യൂനപക്ഷങ്ങളെ കൃത്യമായി ഉന്നം വച്ച് കൊണ്ട് ഇത്തരമൊരു നിയമനിർമാണം നടക്കുന്നതെന്നും, ഇത് അപലപനീയമാണെന്ന് കോൺഗ്രസ് എംപിയും നേതാവുമായ അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

കോൺഗ്രസും ഇടതുപാർട്ടികളും മുസ്ലിംലീഗും ഡിഎംകെയും എൻസിപിയും ബിഎസ്‍പിയും ബില്ലിനെ എതിർത്തു വോട്ട് ചെയ്തു. ഏഴ് മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊണ്ടു വന്ന ഭേദഗതികള്‍ തള്ളിയതിന് പിന്നാലെയാണ് വോട്ടെടുപ്പിന് സ്പീക്കര്‍ അനുമതി നല്‍കിയത്. 80 പേരാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്തത്.

Content Highlights: Lok sabha passes the citizenship amendment bill