കേരളത്തിൽ രണ്ട് വിമാനത്താവളങ്ങളിൽ വൻ സുരക്ഷ വീഴ്ചയെന്ന് കണ്ടെത്തൽ

security lapse in Kerala airports

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ‍മതിയായ സംവിധാനങ്ങളില്ലെന്ന് പാർലമെൻ്ററി സമിതി. ആനന്ദ് ശർമ്മ അധ്യക്ഷനായിട്ടുള്ള പാര്‍ലമെൻ്ററി സമിതിയാണു രാജ്യസഭയിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിച്ചത്. സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ സംഘമോ, അത്യാവശ്യ ഉപകരണങ്ങളോ ഇല്ല. വിമാനത്താവളത്തിൻറെ സുരക്ഷ ചുമതലയുള്ള സിഐഎസ്എഫിനും അത്യാവശ്യ ഉപകരണങ്ങളില്ല. വലിയ സുരക്ഷാ വെല്ലുവിളികളാണ് രാജ്യത്തെ വിമാനത്താവളങ്ങൾ നേരിടുന്നത്.

അടിയന്തരമായി സ്ഫോടക വസ്തുക്കൾ കണ്ടെത്താനും നിർവീര്യമാക്കാനും ആവശ്യമായ സൌകര്യങ്ങൾ ഇല്ലാത്ത വിമാനത്താവളങ്ങളുടെ പട്ടികയിൽ  കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾ ഇടം പിടിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷ പരിശോധനകൾക്കായുള്ള നാല് സുപ്രധാന ഉപകരണങ്ങളാണ് ഇല്ലാത്തത്. കോഴിക്കോട് വിമാനത്താവളത്തിൽ സുപ്രധാനമായ ആറ് ഉപകരണങ്ങളുടെ കുറവ് ഉണ്ട്. നിലവിൽ ഉള്ള ഉപകരണങ്ങളിൽ ഭൂരിഭാഗവും ശരിയായി പ്രവർത്തിക്കാത്തതോ കേടുവന്നതോ ആണ്.

കേടുപാടുകൾ പരിഹരിക്കണമെന്ന് ഏറെ നാളായി സിഐഎസ്എഫ് ആവശ്യപ്പെടുന്നുണ്ടെങ്കിലും എയർപോർട്ട് അതോറിറ്റിയുടെ ഭാഗത്തു നിന്ന് യാതൊരു തീരുമാനങ്ങളും ഇതുവരെ ഉണ്ടായില്ല. 300 കോടി രൂപ അടിയന്തരമായി ഈ വിമാനത്താവളങ്ങൾക്ക് ലഭ്യമാക്കണമെന്നു നേരത്തെ സെക്രട്ടറിതല സമിതി നിർദേശം മുന്നോട്ടുവച്ചിരുന്നു.

Content highlight: security lapse at two airports in Kerala