ഹൈദരാബാദ് വെടിവെപ്പ്; ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സുപ്രീം കോടതി

judicial inquiry for Hyderabad encounter

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതക കേസിൽ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സുപ്രീം കോടതി. വി എസ് സിർപൂർക്കർ അധ്യക്ഷനായ മൂന്ന് അംഗ സമിതിയെയാണ് സുപ്രീം കോടതി നിയോഗിച്ചത്. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ രൂക്ഷ വിമര്‍ശനമാണ് തെലങ്കാന സര്‍ക്കാരിനെതിരെ സുപ്രീം കോടതിയിൽ നിന്ന് ഉയർന്നത്. മുതിര്‍ന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് തെലങ്കാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയിലെത്തിയത്. പ്രതികൾക്ക് തോക്ക് കിട്ടിയത് എവിടെ നിന്നാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ ചോദ്യം. പ്രതികൾ പൊലീസിന് നേരെ വെടിവച്ചപ്പോൾ ആർക്കെങ്കിലും പരിക്കേറ്റോ എന്ന് ചീഫ് ജസ്റ്റിസ‌ിന്‍റെ ചോദ്യത്തിന് രണ്ടുപേർക്ക് പരിക്കേറ്റിരുന്നതായി തെലങ്കാന സർക്കാർ മറുപടി നൽകി.

ജനങ്ങൾക്ക് സത്യം അറിയേണ്ടതിനാൽ, ഏറ്റുമുട്ടലിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ തെലങ്കാന സർക്കാർ നിയമപരമായ നടപടി എടുത്താൽ സുപ്രീം കോടതി ഇടപെടില്ലെന്നും അല്ലെങ്കിൽ ഇടപെടേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കുറ്റക്കാരല്ലാത്തവര്‍ക്കെതിരെ നടപടി എടുക്കാനാകില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. പൊലീസ് വീഴ്ചചയെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഇത് വിശ്വാസ്യതയുടെ പ്രശ്നമാണെന്നും വിലയിരുത്തിയ കോടതി തെലങ്കാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.

കൊല്ലപ്പെട്ടവര്‍ പ്രതികളാണെന്നതിന് തെളിവുണ്ടോ എന്ന ചോദ്യത്തിന് സിസിടിവി ദൃശ്യങ്ങളുണ്ടെന്ന മറുപടി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതാണ് സ്ഥിതിയെങ്കിൽ വിചാരണകൾ അപഹാസ്യമാകുമെന്ന വിമര്‍ശനവും കോടതി ഉന്നയിച്ചു. സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിക്കുകയാണെങ്കിൽ ഹൈക്കോടതിയും മനുഷ്യാവകാശ കമ്മിഷനും നടത്തുന്ന അന്വേഷണം നിർത്തിവെക്കണമെന്നും തെലങ്കാന സർക്കാർ ആവശ്യപ്പെട്ടു.

Content highlights; the supreme court declared judicial inquiry in Hyderabad encounter