ദേശീയ പൗരത്വ ബില്ലിനെതിരായ പ്രതിഷേധം രൂക്ഷമായ അസമിൽ മൂന്ന് പേർ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. നിരവധിയാളുകൾക്ക് പരിക്കേറ്റു. അസമിൽ ആരംഭിച്ച പ്രതിഷേധം മേഘാലയിലേക്കും വ്യാപിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സാഹചര്യം അതീവ ഗുരുതരമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അസമിലും മേഘാലയിലും ത്രിപുരയിലും 48 മണിക്കുർ ഇൻ്റർനെറ്റ് സേവനം നിർത്തലാക്കി. അസ൦ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രി രമേശ്വർ ടെലി എന്നിവരുടെ വീടുകൾ പ്രതിഷേധക്കാർ ആക്രമിച്ചു. സംസ്ഥാനത്ത് സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്.
ആയിരക്കണക്കിന് പ്രക്ഷോഭകരാണ് കർഫ്യൂ ലംഘിച്ച് റോഡിലിറങ്ങിയത്. വിമാന സര്‍വീസുകളും ട്രെയിന്‍ ഗതാഗതവും നിലച്ചതോടെ ആയിരക്കണക്ക് ആളുകൾ പലയിടങ്ങളിലായി കുടുങ്ങി കിടക്കുകയാണ്. സംസ്ഥാനത്തെ 12 സംഘടനകളുടെ പിന്തുണയോടെ നോർത്ത് ഈസ്‌റ്റ് സ്‌റ്റുഡൻ്റ്സ് അസോസിയേഷനാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്.
സ്ഥിതിഗതികള്‍ രൂക്ഷമായതോടെ അസമിന്‍റെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും പ്രതിപക്ഷം കള്ളപ്രചരണം നടത്തുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രതിഷേധം തടയുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി അസമിലെ രണ്ട് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റിയിട്ടുമുണ്ട്. പ്രതിഷേധം ശക്തമായ മേഘാലയിൽ പ്രതിഷേധക്കാർ മുഖ്യമന്ത്രി കോൺറാഡ് സാങ്‌മയുടെ വാഹനം തടഞ്ഞു. ഒരു ബാങ്കിന് തീയിട്ടതായും റിപ്പോർട്ടുണ്ട്.
Content highlight: three persons were killed in Citizenship bill protests