അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥിനി പഠനം നിർത്തി. പത്തനംതിട്ട റാന്നി അടിച്ചിപുഴ സ്വദേശിനി നിവേദ്യയാണ് കാസർകോട് പരവനടുക്കം മോഡൽ റസിഡൻഷ്യൽ സ്കൂൾ അധ്യാപകർക്കെതിരെ പരാതി നൽകിയത്. എന്നാൽ സ്കൂൾ അധികൃതർ ആരോപണം നിഷേധിച്ചു.
ഗവർണറുടെയും പട്ടിക വർഗ്ഗവകുപ്പിന്റെയും പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിവേദ്യ സ്കൂളിൽ പ്രവേശനം നേടിയത്. ഒരു അധ്യാപികയും അധ്യാപകനും തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് പരാതിലുണ്ട്. ‘ഭക്ഷണം പലപ്പോഴും കിട്ടിയില്ല. പട്ടിണിയായിരുന്നു. ഹോര്‍മോണ്‍ മെഡിസിന് എടുക്കുന്നുണ്ട്. അതിനായി പോകണമെന്ന് പറയുമ്പോള്‍ പലപ്പോഴും അവഗണന മാത്രമായിരുന്നു’- വിദ്യാര്‍ഥിനി പറയുന്നു.
ഇതിന് മുമ്പും സമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് വിദ്യാര്‍ഥിനി വ്യക്തമാക്കി. പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നും യുവജനോത്സവത്തിലുൾപ്പടെ അകറ്റി നിർത്തിയതായും പഠനം അവസാനിപ്പിക്കുന്നെന്ന് പറഞ്ഞപ്പോൾ സ്വന്തം ഇഷ്ടത്തോടെ പോകുകയാണെന്ന് എഴുതി വാങ്ങിക്കുകയും ചെയ്തെന്നും നിവേദ്യ പറഞ്ഞു.
Content Highlight: Transgender student faces discrimination in school