അലിഗഡിലും ഡല്‍ഹിയിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും പ്രതിഷേധം. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ വസ്ത്രങ്ങള്‍ ഊരി അര്‍ധനഗ്നരായാണ് തെരുവില്‍ പ്രതിഷേധിക്കുന്നത്. ഡല്‍ഹി പൊലീസിനെതിരേ നടപടി ആവശ്യപ്പെട്ടാണ് തെരുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിന് ഇറങ്ങിയത്. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ പരിക്കേറ്റവരും അല്ലാത്തവരുമായ വിദ്യാര്‍ത്ഥികൾ ഷര്‍ട്ടുകള്‍ ധരിക്കാതെയാണ് സര്‍വകലാശാല ഗേറ്റിന് മുന്നിലെ സമരത്തില്‍ ഇറങ്ങിയത്.
ഇവര്‍ക്ക് പിന്തുണയുമായി നാട്ടുകാരും രംഗത്തുണ്ട്. കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ നിന്ന് മുഴുവന്‍ വിദ്യാര്‍ഥികളെയും തിങ്കളാഴ്ച ഒഴിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു. പ്രതിഷേധം കണക്കിലെടുത്ത് യുപിയില്‍ ആറ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ അക്രമത്തിന് പിന്നാലെയാണ് അലിഗഢ് മുസ്ലീം സര്‍വകലാശാലയിലും വിദ്യാര്‍ത്ഥി പ്രതിഷേധം അരങ്ങേറിയത്. സംഘര്‍ഷത്തില്‍ 15 ഓളം പൊലീസുകാര്‍ക്കും 30 ഓളം വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് മീററ്റ്, അലിഗഢ്, സഹാറന്‍പുര്‍ എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.
ജാമിയ മിലി, അലിഗഡ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധിക്കുകയാണ്. കേരളത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും ഡല്‍ഹി പൊലീസ് അതിക്രമത്തിലും പൗരത്വ ബില്ലിനെതിരെയും പ്രതിഷേധിക്കുകയാണ്. പൗരത്വ ബില്ലിനെതിരെ പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധിക്കുകയാണ്. എബിവിപി ഒഴികെയുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ അസമില്‍ ഇന്റര്‍നെറ്റ് നിരോധനം 24 മണിക്കൂര്‍ കൂടി നീട്ടിയിട്ടുണ്ട്.
Content highlight: nude protests of Jamia students