രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒരുമിക്കണമെന്ന ആഹ്വാനവുമായി മമത ബാനർജി. രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരില്‍ നിന്നും രാജ്യത്തെ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കത്തയച്ചു. കത്തിന്റെ പകര്‍പ്പ് സോണിയ ഗാന്ധി, ശരദ് പവാര്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡി, കേരള മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ പ്രതിപക്ഷ നിരയിലെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും അയച്ചിട്ടുണ്ട്.
പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്ന ഈ സാഹചര്യത്തിൽ രാജ്യത്തെ സ്ത്രീകളും കുട്ടികളും കര്‍ഷകരും തൊഴിലാളികളും പട്ടികവര്‍ഗ വിഭാഗക്കാരും മറ്റ് ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരും പരിഭ്രാന്തിയിലാണ്. അതുകൊണ്ട് തന്നെ നമ്മള് എന്നത്തേക്കാളും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവിനെ കാത്തുസൂക്ഷിക്കുന്നതിനായി ഇതിനെതിരെ ഒരുമിച്ച് പോരാടണമെന്ന് പ്രതിപക്ഷത്തെ എല്ലാ മുതിര്‍ന്ന നേതാക്കളോടും രാഷ്ട്രീയ പാര്‍ട്ടികളോടും ആത്മാര്‍ഥമായി ആവശ്യപ്പെടുന്നുവെന്ന് മമത കത്തില്‍ പറയുന്നു.
content highlight: Mamata Banerjee writes to opposition parties to unite