പൗരത്വ നിയമ ഭേദഗതിയ്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ നിലപാട് വ്യക്തമാക്കി കരസേന മേധവി ബിപിൻ റാവത്ത്. ജനക്കൂട്ടത്തെ അക്രമത്തിലേക്ക് തിരിക്കുന്നത് നേൃതൃത്വത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
‘തെറ്റായ ദിശയിലേക്ക് ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കൾ, നിരവധി യൂണിവേഴ്സിറ്റികളും കോളേജ് വിദ്യാർഥികളും ചേർന്ന് വലിയ ജനക്കൂട്ടത്തെ അക്രമങ്ങളിലേക്ക് നയിക്കുകയാണ്’. ഇത് നേതൃത്വമല്ലെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം ട്വിറ്ററിലൂടെ ദിഗ്‍വിജയ് സിങ് ബിപിൻ റാവത്തിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രംഗത്തെത്തി. ‘ഞാൻ ജനറൽ സാഹേബിന്‍റെ പ്രസ്താവനയോട് യോജിക്കുന്നു. അതേസമയം നേതാക്കളെന്നാൽ സാമുദായിക അക്രമത്തിന്‍റെ പേരിൽ വംശഹത്യയിൽ ഏർപ്പെടാൻ അനുയായികളെ അനുവദിക്കുന്നവരുമല്ല. നിങ്ങൾ ഇത് അംഗീകരിക്കുന്നുവോ ജനറൽ സാഹേബ്?’ ദിഗ്‍വിജയ് സിങ് ചോദിച്ചു.
കേന്ദ്ര സർക്കാർ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയതിനു പിന്നാലെ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളില്‍ 20 ല്‍ അധികം പേര്‍ക്ക് ഇതുവരെ ജീവഹാനി നേരിട്ടിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർഥികളും യുവാക്കളുമാണ് പ്രതിഷേധങ്ങളെ നയിക്കുന്നത്. ഈ സാഹചര്യത്തിലാണ് കരസേന മേധാവി ബിപിൻ റാവത്ത് പ്രതികരിച്ചത്. ഡിസംബര്‍ 31ന് വിരമിക്കുന്ന ബിപിന്‍ റാവത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് ഇതാദ്യമായാണ്.
Content highlight; “Leaders Not Those Who Lead Masses In Arson”: Army Chief On Citizenship Protests