പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്ത സ്ത്രീകളില്‍നിന്ന് പുതപ്പും ഭക്ഷണവും പിടിച്ചെടുത്ത് യുപി പോലീസ്

CAA protests

ഉത്തര്‍ പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്ത സ്ത്രീകളുടെ പക്കല്‍നിന്ന് ഭക്ഷണവും പുതപ്പും പിടിച്ചെടുത്ത് പോലീസ്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഡല്‍ഹിയിലെ ഷഹീൻ ബാഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അഞ്ഞൂറോളം സ്ത്രീകളും കുട്ടികളും ലഖ്‌നൗവിലെ പഴയ ക്വാർട്ടേഴ്‌സിലെ ക്ലോക്ക് ടവറിന് സമീപം ഇരുന്നു പ്രതിഷേധിക്കുന്നതിന് ഇടയിലായിരുന്നു പൊലീസ് നടപടി. പൗരത്വ നിയമത്തിനും എൻ.ആർ.സിക്കുമെതിരെ സമാധാനപരമായായിരുന്നു പ്രതിഷേധം. ഇതിനിടെ ഇവിടേക്ക് എത്തിയ ആയുധധാരികളായ പൊലീസ് സംഘം പ്രതിഷേധക്കാരുടെ പുതപ്പുകളും ഭക്ഷ്യവസ്തുക്കളും എടുത്തുകൊണ്ടു പോകുകയായിരുന്നു. ഇതിൻ്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരിൽ നിന്ന് ഭക്ഷ്യവസ്തുക്കളും പുതപ്പുകളും പിടിച്ചെടുക്കാന്‍ തുടങ്ങിയതോടെ സ്ഥിതിഗതികള്‍ നേരിയതോതില്‍ വഷളായി. ബലംപ്രയോഗിച്ച് പൊലീസ് നടത്തിയ നടപടിയെ അപലപിച്ച് ഉത്തർപ്രദേശ് പൊലീസിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഡിസംബർ 11 ന് ബില്‍ പാസാക്കിയതു മുതൽ ഡല്‍ഹിക്ക് പുറമെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും വന്‍ പ്രതിഷേധമാണ് ഉയർന്നത്. ഉത്തർപ്രദേശ് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പ്രതിഷേധം അക്രമാസക്തമാകുകയും ചെയ്തിരുന്നു. പൊലീസ് ഇടപെടലാണ് സമാധാനപരമായ പല പ്രതിഷേധങ്ങളും സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന വിമര്‍ശനവും നിലവിലുണ്ട്.

Content Highlights: Uttar Pradesh police confiscate food items and blanket from caa protesters