ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നതെന്ന് ചൂണ്ടികാട്ടി കേന്ദ്ര സര്‍ക്കാരിൻറെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രംഗത്ത്.
‘ഇറക്കുമതി, കയറ്റുമതി, വ്യവസായ വളര്‍ച്ച, ഉല്‍പാദന വളര്‍ച്ചാ നിരക്ക് എന്നിവയാണ് സാമ്പത്തിക വളര്‍ച്ചയുടെ സൂചകങ്ങൾ. ഈ സൂചകങ്ങളെ മുന്‍പത്തെ മാന്ദ്യവുമായി താരതമ്യം ചെയ്യുമ്പോൾ, 2000-2002 മാന്ദ്യകാലത്ത് ജിഡിപി നിരക്ക് 4.5 ശതമാനമായിരുന്നിട്ടും ഈ സൂചകങ്ങളെല്ലാം പോസിറ്റീവ് ആയിരുന്നു. എന്നാല്‍ നിലവില്‍ ഈ നിരക്കുകളെല്ലാം താഴ്ന്നിരിക്കുകയാണ്. ഇത് ഇന്ത്യയുടെ വലിയ മാന്ദ്യത്തെയാണ് കാണിക്കുന്നത്. തൊഴില്‍ ലഭ്യത, ആളുകളുടെ വരുമാനം, സര്‍ക്കാരിൻറെ വരുമാനം എന്നിവ കുറഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജിഡിപി നിരക്ക് സാമ്പത്തിക വളര്‍ച്ചയുടെ കൃത്യമായ സൂചികയല്ല. രാജ്യാന്തര തലത്തില്‍ ഇക്കാര്യം ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജിഡിപി നിരക്ക് തുടര്‍ച്ചയായ ഏഴാം പാദത്തിലും താഴേക്ക് പോയിരുന്നു.
മാന്ദ്യത്തിനെതിരെ കടുത്ത നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നുമുള്ള മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നാണയനിധി രംഗത്ത് വന്നിരുന്നു. ഉപഭോഗവും നിക്ഷേപവും കുറയുന്നതും നികുതി വരുമാനം ഇടിയുന്നതും ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായ ഇന്ത്യയെ ബാധിച്ചിട്ടുള്ളതായി ഐഎംഎഫ് വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു.
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അടക്കം ബിജെപി നേതാക്കള്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന് വാദിക്കുന്നുണ്ടെങ്കിലും ഈ പ്രതിസന്ധി നിസാരമല്ല എന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞു.
Content highlight: India is in financial crisis, says Arvind Subramanian