പ്ലാസ്റ്റിക് രഹിത കേരളം; ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നു

plastic prohibition in kerala

സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കാന്‍ ഉത്തരവ്. നിര്‍മാണവും വില്‍പ്പനയും മാത്രമല്ല, പ്ലാസ്റ്റിക് സൂക്ഷിക്കുന്നതും നിരോധിക്കാനാണ് തീരുമാനം. ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്‌റ്റിക്‌ വസ്‌തുക്കള്‍ 2022 ആകുമ്പോഴേക്കും ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. പല ഘട്ടങ്ങളായി ലക്ഷ്യം നേടാനാണു പദ്ധതി ഉദ്ദേശിക്കുന്നത്.

ക്യാരി ബാഗ്, ടേബിള്‍മാറ്റ്, വാഹനങ്ങളില്‍ ഒട്ടിക്കുന്ന ഫിലിം, പ്ലേറ്റ്, കപ്പ്, സ്പൂണ്‍, ഫോര്‍ക്ക്, സ്‌ട്രോ, സ്റ്റിറര്‍, ഡിഷ്, തെര്‍മോക്കോള്‍ സ്‌റ്റൈറോഫോം അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് കോട്ടഡ് പേപ്പര്‍ കപ്പ്, പ്ലേറ്റ്, ബൗള്‍, പ്ലാസ്റ്റിക് പതാക,പ്ലാസ്റ്റിക് തോരണം, പ്ലാസ്റ്റിക് വാട്ടര്‍ പൗച്ച്‌ , പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ്, 300 മില്ലിക്കു താഴെയുള്ള പെറ്റ് ബോട്ടില്‍, ഗാര്‍ബേജ് ബാഗ്, പിവിസി ഫ്‌ളക്‌സ് സാധനങ്ങള്‍, പ്ലാസ്റ്റിക് പായ്ക്കറ്റ് എന്നിവയ്‌ക്കൊക്കെ നിരോധനം ബാധകമാണ്.

നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പരിസ്‌ഥിതി സംരക്ഷണ നിയമപ്രകാരം നടപടിയുണ്ടാകും. പ്ലാസ്‌റ്റിക്‌ വസ്‌തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതു പഠിക്കാനായി നിയോഗിച്ച വിദഗ്‌ധ സാങ്കേതിക സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണു നിരോധനം ഏര്‍പ്പെടുത്തുന്നത്‌. പ്ലാസ്റ്റികിൻറെ ഉപയോഗം പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുകയും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് പ്ലാസ്റ്റിക്ക് നിയന്ത്രണം ആവശ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

Content highlight: to make Kerala free from plastic waste from January 1