സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ വരുമെന്നത് വ്യാജപ്രചാരണമെന്ന് മുഖ്യമന്ത്രി

no detention centers in kerala

സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് സർക്കാർ. സംസ്ഥാനം തടങ്കല്‍ പാളയത്തിന് പദ്ധതിയിടുന്നു എന്ന തരത്തില്‍ ദി ഹിന്ദു ദിനപത്രത്തില്‍ വന്ന വാര്‍ത്തയില്‍ പറയുന്ന പോലൊരു തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രചരണങ്ങള്‍ വ്യാജമാണെന്നും മുഖ്യമന്ത്രിയുടെ വാര്‍ത്താ കുറിപ്പിൽ പറഞ്ഞു.

ഏഴുവര്‍ഷം മുമ്പ് 2012 ആഗസ്റ്റില്‍ തടങ്കല്‍പാളയം സ്ഥാപിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനത്തെയും ആഭ്യന്തര സെക്രട്ടറിമാരെ ഒരു കത്ത് മുഖേന അറിയിച്ചിരുന്നു. മതിയായ രേഖകളില്ലാതെ സംസ്ഥാനത്തു പിടിയിലായി വിചാരണ കാത്തിരിക്കുന്നവരെ പാര്‍പ്പിക്കാനാണ് തടങ്കല്‍ പാളയങ്ങൾ ആരംഭിക്കുന്നത്. ഇതിനായുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കണമെന്നുള്ളതായിരുന്നു കത്തിന്റെ ഉള്ളടക്കം.

ഈ കത്തിന്റെ അടിസ്ഥാനത്തില്‍ 2015 നവംബര്‍ നാലിന് ആഭ്യന്തര വകുപ്പ് യോഗം വിളിച്ചുചേര്‍ത്തു. യോഗത്തിന്റെ തീരുമാനപ്രകാരം സംസ്ഥാനത്ത് അടിയന്തരമായി അത്തരം സെന്ററുകള്‍ സ്ഥാപിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. അവ സാമൂഹിക നീതി വകുപ്പിന്റെ കീഴിലാവണമെന്നും ആവശ്യമായ കെട്ടിടം വകുപ്പ് കണ്ടെത്തണമെന്നും പ്രവര്‍ത്തനത്തിന് ആവശ്യമായ സ്റ്റാഫിനെ പോലീസ് വകുപ്പ് നിശ്ചയിക്കണമെന്നും തീരുമാനിച്ചു.

ഡിറ്റന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനാവശ്യമായ ശുപാര്‍ശ സമര്‍പ്പിക്കാന്‍ 2016 ഫെബ്രുവരി 29ന് സാമൂഹികനീതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഇത് സംബന്ധിച്ച് എത്രപേരെ പാര്‍പ്പിക്കേണ്ടിവരും എന്നതുള്‍പ്പെടെയുടെ വിവരങ്ങള്‍ സാമൂഹിക നീതി വകുപ്പ് ഡയറക്ടറോട് സെക്രട്ടറിയേറ്റിലെ സാമൂഹികനീതി വകുപ്പ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ വിശദാംശങ്ങള്‍ സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയോടും ചോദിച്ചു. ഇതു സംബന്ധിച്ച ഒരു വിവരവും റെക്കോര്‍ഡ്സ് ബ്യൂറോ ഇതുവരെ നല്‍കിയിട്ടില്ല.

ഇതു സംബന്ധിച്ച യാതൊരു ഫയലും ഈ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരാരും കണ്ടിട്ടില്ല. 2012 മുതല്‍ മുന്‍ സര്‍ക്കാര്‍ ആരംഭിച്ച നടപടിക്രമങ്ങള്‍ ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് നിര്‍ത്തിവയ്ക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവു നല്‍കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlight; the state has no plan to start detention center says Pinarayi Vijayan