നിർഭയ മരണത്തിന് കീഴടങ്ങിയിട്ട് ഇന്ന് ഏഴാണ്ട്

nirbhaya death anniversary

തലസ്ഥാനത്ത് കൂട്ടബലാത്സംഗത്തിനിരയായ നിർഭയ മരിച്ചിട്ട് ഇന്നേക്ക് ഏഴ് വർഷം. 2012 ഡിസംബർ 16 -ന് രാത്രിയായിരുന്നു ആറുപേർ ചേർന്ന് നിർഭയ എന്ന 23 -കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തുടർന്ന് പതിനാല് ദിവസത്തെ ജീവൻമരണ പോരാട്ടത്തിനൊടുവില്‍ ഡിസംബർ 29 -ന് രാത്രിയിൽ നിർഭയ മരണത്തിന് കീഴടങ്ങി.

സാകേത് സെലക്ട് സിറ്റി വാക്ക് തിയേറ്ററിൽ നിന്ന് സിനിമ കണ്ടിറങ്ങിയ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയായിരുന്ന നിർഭയ തൻറെ സുഹൃത്തിനോടൊപ്പം സൗത്ത് ദില്ലിയിലെ മുനീർക ബസ് സ്റ്റോപ്പിൽ വച്ചാണ്
ബസിൽ കയറുന്നത്. മറ്റു യാത്രക്കാരില്ലാതിരുന്ന ബസിൽ ജീവനക്കാരായ ആറംഗ സംഘം നിർഭയയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ബസിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷമായിരുന്നു നിർഭയയെ ആറം​ഗസംഘം ക്രൂരബലാത്സം​ഗത്തിന് ഇരയാക്കിയത്. അർധനഗ്നാവസ്ഥയിൽ ഇരുവരേയും റോഡിലേക്കു വലിച്ചെറിഞ്ഞശേഷം അക്രമികൾ കടന്നുകളഞ്ഞു.

പീഡനത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റ നിർഭയയെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29 -ന് നിർഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ സംഭവം ഇന്ത്യയിൽ പ്രതിഷേധങ്ങളുടെ അലയൊലികൾ സൃഷ്ടിച്ചു. ദില്ലിയിൽ പ്രതിഷേധങ്ങൾ കത്തിജ്ജ്വലിച്ചു.

മാസങ്ങളോളം നീണ്ടുനിന്ന അന്വേഷണത്തിനും തെളിവ് ശേഖരത്തിനുമൊടുവിലായി പ്രതികൾക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും കോടതി പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു. കൊലപ്പെടുത്തിയ പ്രതികൾക്ക് തൂക്ക് കയർവേണമെന്ന ആവശ്യം രാജ്യമൊട്ടാകെ ഉയർന്നു. പ്രതികൾക്ക് ലഭിക്കാവുന്ന ഏറ്റവും  ശിക്ഷതന്നെ രാജ്യത്തെ പരമോന്നത കോടതി വിധിച്ചു.

കേസിലെ കുറ്റവാളികളായ നാലുപേരുടെ വധശിക്ഷ എപ്പോൾ നടപ്പാക്കുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ 2043 ലൈംഗിക പീഡനങ്ങളാണ് കഴിഞ്ഞ വർഷം ദില്ലിയിൽ മാത്രം റിപ്പോർട്ട് ചെയ്തത്.

Content highlight; 29th death anniversary of nirbhaya