നാവികസേനയിൽ സമൂഹ മാധ്യമങ്ങൾക്ക് നിരോധനം

indian navy bans social media

നാവികസേനയിൽ സമൂഹ മാധ്യമങ്ങൾക്ക് നിരോധനം. യുദ്ധക്കപ്പലുകള്‍, നേവൽബേസ് തുടങ്ങിയ സ്ഥലങ്ങളിൽ സ്മാര്‍ട്ട്ഫോൺ ഉപയോഗിക്കരുതെന്നും ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശം നൽകി. നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം. നാവികസേനയിലെ ചാരവൃത്തി ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും.

സമൂഹ മാധ്യമങ്ങൾ വഴി വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നാലെ ഡിസംബര്‍ 20 ന് ഏഴ് നാവികസേന ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായിരുന്നു പ്രതികളെ കസ്റ്റഡിയിലെടുത്തത്. വിജയവാഡയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയ ഇവരെ ജനുവരി മൂന്ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് മുംബൈ കേന്ദ്രീകരിച്ചുള്ള ഹവാല ഇടപാടുകാരനെയും അറസ്റ്റ് ചെയ്തിരുന്നു. ഓപ്പറേഷൻ ഡോൾഫിൻസ് നോസ് എന്ന പേരിലായിരുന്നു അന്വേഷണം നടന്നത്. സംഭവത്തെ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പാക് ചാരസംഘടനയായ ഐഎസ്ഐക്ക് വിവരങ്ങൾ ചോര്‍ന്നുവെന്ന സൂചന ലഭിച്ചു.

ചാരവൃത്തി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് ഉൾപ്പെടെയുള്ള സാമൂഹ മാധ്യമങ്ങൾക്ക് നാവികസേനയിൽ നിരോധനം ഏർപ്പെടുത്തിയത്. സേനയുടെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലും സ്മാർട്ട് ഫോണുകളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്.

Content highlight: social media banned by the Indian navy