പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു

pinarayi vijayan

പൗരത്വനിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. അടിയന്തരമായി ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും  മത വിവേചനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. രാജ്യമെങ്ങും ആശങ്കയാണെന്നും പ്രവാസികൾക്കിടയിലും ആശങ്ക ശക്തമായതുകൊണ്ടും നിയമം റദ്ദാക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ ഉള്ളത്.

കേന്ദ്രത്തിന്റേത് മത രാഷ്ട്ര സമീപനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൗരത്വ പട്ടികയിൽ നിന്ന് പുറത്ത് പോകുന്നവരെ പാര്‍പ്പിക്കാനുള്ള തടങ്കൽ പാളയങ്ങൾ കേരളത്തിൽ ഉണ്ടാകില്ലെന്നും, അതിനുള്ള ഒരു നടപടിയും സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. രാജ്യത്ത് തന്നെ ആദ്യമായാണ് പൗരത്വനിയമഭേദഗതിക്കെതിരെ ഒരു നിയമസഭയിൽ പ്രമേയം വരുന്നത്. നിയമസഭയിൽ പ്രമേയം പാസാക്കി പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാനത്തിന്‍റെ പൊതുവികാരം കേന്ദ്രത്തെ അറിയിക്കാനാണ് സർക്കാരിന്‍റെ തീരുമാനം. പതിനെട്ട് പേരുടെ പാനലാണ് പ്രമേയാവതരണത്തിന് ശേഷം നിയമസഭയിൽ സംസാരിക്കുന്നത്.

Content Highlight: Kerala cm tables anti caa resolution in the state assembly