രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശബരിമല സന്ദർശനം ഒഴിവാക്കി. രാഷ്ട്രപതി ശബരിമലയിലെത്തിയാല്‍ നേരിട്ടേക്കാവുന്ന അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി പത്തനംതിട്ട കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശബരിമല സന്ദര്‍ശനം ഒഴിവാക്കാന്‍ രാഷ്ട്രപതി തീരുമാനിച്ചത്.
തിങ്കളാഴ്ച രാഷ്ട്രപതി ശബരിമലയിലെത്തിയേക്കുമെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം. എന്നാൽ സംസ്ഥാന സർക്കാരിനു ലഭിച്ച പുതിയ യാത്രാ പരിപാടി അനുസരിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ശബരിമലയിലേക്കു പോകുന്നില്ലെന്ന് അധിക്യതർ അറിയിച്ചു.
നേരത്തെ വി.വി.ഗിരി രാഷ്ട്രപതിയായിരുന്നപ്പോൾ ശബരിമലയിൽ ദർശനം നടത്തിയിരുന്നു. അന്ന് ഉപയോഗിച്ച ഹെലിപ്പാഡ് തന്നെയാണ് ഇപ്പോഴുമുള്ളത്. ഇതിന്റെ ബലത്തിൽ ആശങ്കയുണ്ടെന്നാണ് ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. രാഷ്ട്രപതിക്ക് ശബരിമലയിലെത്താന്‍ ഹെലിപാഡ് സൗകര്യം ഇല്ലാത്തതാണ് സന്ദര്‍ശനം ഒഴിവാക്കാന്‍ പ്രധാന കാരണം. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ലക്ഷദ്വീപിലേക്കാകും പോകുക. അവിടെ നിന്ന് കൊച്ചിയിലെത്തി ഡൽഹിയിലേക്ക് മടങ്ങും.
content highlights: president Ram Nadh Kovind visit to Sabarimala cancelled