പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക കേരള സഭക്ക് അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. രാജ്യനിർമാണത്തിൽ നിസ്തുലമായ പങ്കുവഹിച്ച പ്രവാസി കേരളീയരെ ഒന്നിച്ചുകൊണ്ടുവരുന്ന ലോകകേരള സഭ മികച്ച വേദിയായി മാറുകയാണെന്ന് അഭിനന്ദന സന്ദേശത്തിൽ രാഹുൽ ഗാന്ധി പറയുന്നു. സന്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്ററിലൂടെയാണ് പുറത്തുവിട്ടത്.
ലോകകേരള സഭ ധൂർത്താണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു. അതിനിടയിലാണ് സഭയെ അഭിനന്ദിച്ചുകൊണ്ടുളള രാഹുൽ ഗാന്ധിയുടെ പ്രസ്താവന. ലോക കേരളസഭയിൽ നിന്ന് പ്രതിപക്ഷ നേതാവും യുഡിഎഫ് എംഎൽഎമാരും നേരത്തേ രാജിവച്ചിരുന്നു. ഇതിനിടെ മുസ്ലിം ലീഗിലെ ഒരു വിഭാഗം ലോക കേരള സഭയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രവാസി മലയാളികളുടെ വിഷയം കൈകാര്യം ചെയ്യുന്ന സഭയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് ദോഷം ചെയ്യുമെന്നാണ് ഒരു വിഭാഗം ലീഗ് നേതാക്കള്‍ ഉന്നയിക്കുന്നത്.
47 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന ലോക കേരളസഭയുടെ പ്രതിനിധി സമ്മേളനത്തിൽ 351 പ്രതിനിധികളാണുള്ളത്. 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. 28 രാജ്യങ്ങളിലെ പ്രതിനിധികളായിരുന്നു ആദ്യ സമ്മേളനത്തിനുണ്ടായിരുന്നത്.
content highlights: Rahul Gandhi congratulated loka kerala sabha