ആണവ നിയന്ത്രണങ്ങള്‍ പാലിക്കില്ലെന്ന് ഇറാൻ

Iran abandons nuclear deal limits

ആണവായുധങ്ങള്‍ കൈവശം വെക്കുന്നതടക്കമുള്ള ആണവ നിയന്ത്രണ കരാർ ഇനി പാലിക്കില്ലെന്ന് ഇറാൻ. 2015ലാണ് ഇറാന്‍ ആണവ നിയന്ത്രണ കരാറില്‍ ഒപ്പുവെച്ചത്. കരാറിലെ നിയന്ത്രണങ്ങള്‍ ഇനി പാലിക്കില്ലെന്നും കരാറിലുള്ള യൂറോപ്യൻ പങ്കാളികളുമായി കൂടിയാലോചനക്കുള്ള സാധ്യത അടഞ്ഞിട്ടില്ലെന്നും ഇറാൻ വ്യക്​തമാക്കി.

ആണവ സമ്പുഷ്​ടീകരണ ശേഷി, സമ്പുഷ്​ടീകരണ ശതമാനം, ഉപകരണങ്ങളുടെ അളവ് തുടങ്ങിയ ജെ.സി.പി.ഒ.എ കരാറിലെ ഒരു നിയന്ത്രണവും പാലിക്കില്ലെന്നാണ്​ ഇറാന്‍ മന്ത്രിസഭയുടെ തീരുമാനം. അന്താരാഷ്​ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം മുമ്പത്തെ പോലെ തുടരാൻ ഇറാൻ മന്ത്രിസഭ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.

യു.എസ് വ്യോമാക്രമണത്തില്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ നിലപാടുകൾ ശക്​തമാക്കുന്നതിൻറെ ഭാഗമായാണ്​ മന്ത്രിസഭ യോഗം തീരുമാനമെടുത്തത്​. കരാറില്‍ നിന്ന് പിന്‍വാങ്ങുന്നതിനുള്ള അവസാനഘട്ട നടപടികള്‍ നടന്നുവരികയാണ്​. ഇതില്‍ നിന്നും പിന്‍വാങ്ങുന്നതോടെ ഇറാൻെറ ആണവ പദ്ധതികള്‍ക്ക് ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളും ഉണ്ടായിരിക്കില്ല.

കരാറിലെ നിയന്ത്രണങ്ങൾ പാലിക്കി​​ല്ലെന്ന നിലപാടിൽ നിന്ന്​ പിൻവാങ്ങണമെന്ന്​ ജർമൻ ചാൻസലർ ഏയ്​ഞ്ചല ​മെർകൽ, ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ എന്നിവർ ഇറാനിനോട്​ ആവശ്യപ്പെട്ടിട്ടുണ്ട്.

Content highlights: Iran abandons nuclear deal limits, after trump tweet threats