ജാമിഅ മിലിയ സർവകലാശാല തുറന്നു

jamia millia islamia

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ വൻ പ്രതിഷേധങ്ങൾക്ക് വേദിയായ ജാമിഅ മിലിയ സർവകലാശാല ഇന്ന് തുറന്നു. സംഘർഷങ്ങൾക്ക് ശമനമുണ്ടായതോടെയാണ് സർവകലാശാല വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായത്. പൊലീസ് അതിക്രമത്തോടെ പരീക്ഷകളെല്ലാം നീട്ടിവച്ച് ശൈത്യകാല അവധി നേരത്തെ ആക്കി ഡിസംബര്‍ 16ന് ക്യാമ്പസ് അടയ്ക്കുകയായിരുന്നു.

ഈ വരുന്ന വ്യാഴാഴ്ച മുതൽ മാറ്റിവച്ച എല്ലാ പരീക്ഷകളും ആരംഭിക്കും. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ പരീക്ഷ ജനുവരി ഒൻപതിനും ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ജനുവരി പതിനാറിനുമാണ് ആരംഭിക്കുക.

ക്യാമ്പസിൽ നിന്ന് പാർലമെൻ്റിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. പൊലീസ് ലാത്തിചാർജിലും ടിയർ ഗ്യാസ് പ്രയോഗത്തിലും നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് സർവകലാശാല അടച്ചിടാൻ തീരുമാനമെടുത്തത്. ക്ലാസുകൾ ആരംഭിച്ചാലും പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

Content highlights: Jamia Millia Islamia to open today after extended vacation semester exams from January