ലൈംഗിക പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവാദത്തിലായ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഡ്രൈവറെ ജോലിയിൽ നിന്നും നീക്കം ചെയ്തു.
പുനെയിൽ മോട്ടോർ ട്രാൻസ്പോർട്ട് ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ജനറൽ (ഡിഐജി) നിഷികാന്താണ് 17കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ നിയമപരമായ നീക്കങ്ങളുമായി പെൺകുട്ടിയുടെ കുടുംബം മുന്നോട്ട് പോകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഡ്രൈവറും പോലീസ് കോൺസ്‌റ്റബിളുമായ ദിൻകർ സാൽവെ പെൺകുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയത്. പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സംഘത്തിൽ നിന്നും ഇയാളെ നീക്കിയത്.
കഴിഞ്ഞ ചൊവ്വാഴ്‌ച ഡിഐജിയുടെ മുൻകൂർ ജാമ്യാപേക്ഷ പൻവെൽ സെഷൻസ് കോടതി പരിഗണിച്ചിരുന്നു. അന്നേ ദിവസം കോടതിയിലെത്തിയ പെൺകുട്ടിയെയും കുടുംബത്തെയും കേസിൽ നിന്ന് പിന്മാറണമെന്ന് ചൂണ്ടിക്കാട്ടി ദിൻകർ സാൽവെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നായിരുന്നു റിപ്പോർട്ട്. ഇതിനു പിന്നാലെ ദിൻകറിൽ നിന്ന് ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് തലേജ പൊലീസ് സ്‌റ്റേഷനിൽ പെൺകുട്ടിയും കുടുംബവും പരാതി നൽകിയത്.
ഇതോടെയാണ് ദിനകറെ മുഖ്യമന്ത്രിയുടെ സംഘത്തിൽ നിന്നും പുറത്താക്കിയത്. താക്കറെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നതും വളരെക്കാലം ശിവസേന സ്ഥാപകൻ ബാലസാഹേബ് താക്കറെയുടെ സുരക്ഷയുടെ ഭാഗമായിരുന്ന വ്യക്തിയായിരുന്നു ദിൻകർ. മുൻപ് നിഷികാന്തിന് കീഴിലും ഇയാൾ ജോലി ചെയ്‌തിരുന്നു.
Content highlights: DIG sex assault case Maharashtra cm Uddhav Thackeray removed driver for threatening the minor victim