ഈ വര്‍ഷത്തെ ആദ്യ പൂര്‍ണ ചന്ദ്രഗ്രഹണം നാളെ ദൃശ്യമാകും. പെന്യൂബ്രല്‍ ചന്ദ്രഗ്രഹണം അഥവാ വൂള്‍ഫ് മൂണ്‍ എക്ലിപ്‌സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ചന്ദ്രഗ്രഹണ സമത്ത് സൂര്യനും ചന്ദ്രനുമിടയ്ക്കായിരിക്കും ഭൂമി സഞ്ചരിക്കുക. ആ സമയം ഭൂമി ഇരുട്ടിലായിരിക്കും. പൂര്‍ണ ചന്ദ്രഗ്രഹണം, ഭാഗിക ചന്ദ്ര ഗ്രഹണം, അല്‍പഛായ ഗ്രഹണം എന്നിങ്ങനെ മൂന്ന് തരം ഗ്രഹണങ്ങളാണ് ഉള്ളത്.
പെന്യൂബ്രല്‍ അഥവാ വൂള്‍ഫ് മൂണ്‍ എക്ലിപ്‌സിൻറെ സമയത്ത് ഭൂമിയുടെ ഭ്രമണ പഥത്തിന് പുറത്തുള്ള നിഴലിലൂടെ ചന്ദ്രന്‍ സഞ്ചരിക്കും. പൂര്‍ണമായും ഇരുട്ടിലായിരിക്കും ആ സമയം. ഭൂമി ഈ സമയം സൂര്യവെളിച്ചം ചന്ദ്രനിലെത്താതെ മറച്ചുപിടിക്കും. ഈ വര്‍ഷം നടക്കുന്ന നാല് ചന്ദ്രഗ്രഹങ്ങണങ്ങളിലൊന്നാണ് ജനുവരി പത്തിന് ദൃശ്യമാകുക.
അടുത്ത ചന്ദ്രഗ്രഹണങ്ങള്‍ ജൂണ്‍ 5, ജൂലായ് 5, നവംബര്‍ 30 എന്നീ ദിവസങ്ങളിലാണ് ദൃശ്യമാകുക. നാളെ നടക്കുന്ന ഗ്രഹണത്തില്‍ ചന്ദ്രൻറെ ഭൂരിഭാഗം ഭാഗവും ഭൂമിയുടെ നിഴലിലായിരിക്കും. ചന്ദ്രൻറെ വൃത്താകൃതിയില്‍ ഈ സമയം ചെറിയൊരു നിഴല്‍മാത്രമായിരിക്കും ഉണ്ടാവുക.
ഇന്ത്യന്‍ സമയം ജനുവരി പത്ത് രാത്രി 10.37 മുതല്‍ പുലര്‍ച്ചെ 2.42 വരെ ഇത് ദൃശ്യമായിരിക്കും. നാല് മണിക്കൂര്‍ അഞ്ച് മിനുട്ട് വരെയാണ് ദൈര്‍ഘ്യം. ഈ സമയത്ത് ഒരു പ്രത്യേക ഉപകരണത്തിൻറെയും സഹായമില്ലാതെ തന്നെ ചന്ദ്രഗഹണം കാണാന്‍ സാധിക്കും. ആകാശത്തേക്ക് നോക്കിയാല്‍ ഗ്രഹണം ദൃശ്യമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഏഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്ക, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ദക്ഷിണ അമേരിക്ക, പസഫിക്ക്, ഇന്ത്യന്‍ മഹാസമുദ്രം, അത്‌ലാൻ്റിക്, ആര്‍ട്ടിക്ക് തുടങ്ങിയ മേഖലകളിലെല്ലാം ചന്ദ്രഗ്രഹണം ദൃശ്യമാകും.
അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ താമസിക്കുന്ന പ്രാചീന വംശജരില്‍ നിന്നാണ് വൂള്‍ഫ് മൂണ്‍ എന്ന പദം വന്നതെന്ന് നാസയിലെ ശാസ്ത്രജ്ഞന്‍ ഗോര്‍ഡന്‍ ജോണ്‍സ്റ്റണ്‍ പറഞ്ഞു. ജനുവരിയിലെ കൊടുതണുപ്പില്‍ ചെന്നായ്ക്കൂട്ടം വിശപ്പ് കൊണ്ട് ഓരിയിടുന്ന സമയത്താണ് ഇത് ദൃശ്യമാകുന്നത്. അതുകൊണ്ടാണ് ഈ പേര് വന്നത്. അമേരിക്കയില്‍ ഐസ് മൂണ്‍ എന്ന പേരിലും വൂള്‍ഫ് മൂണ്‍ അറിയപ്പെടുന്നുണ്ട്.
Content highlights: lunar eclipse in 2020 will be witnessed tomorrow