ജമ്മുകാശ്മീരിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനൊപ്പം ഭീകരവാദികളെ കസ്റ്റഡിയിലെടുത്തു. ഡിഎസ്പിയായ ദേവേന്ദ്ര സിങ്ങിനെയാണ് രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരർക്കൊപ്പം പോലീസ് കസ്റ്റഡിയിൽ എടുത്തത്. കുൽഗാമിലെ മിർ ബസാറിൽ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ദേവേന്ദ്ര സിങ്ങിൻറെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് എകെ 47 തോക്കുകളും അഞ്ച് ഗ്രനേഡുകളും പിടിച്ചെടുത്തു. ദില്ലിയിലേക്കായിരുന്നു ഭീകരരുടെ യാത്ര.
ദേവേന്ദ്ര സിങ്ങിനെ പോലീസ് ചോദ്യംചെയ്തുവരികയാണ്. ശ്രീനഗർ വിമാനത്താവളത്തിലെ ഹൈജാക്ക് വിരുദ്ധ സ്വാർഡിൽ പ്രവർത്തിച്ചിരുന്നയാളാണ് ദേവേന്ദ്ര സിങ്. കാശ്മീരിലെ ഭീകരവിരുദ്ധ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലും ഇയാൾ പ്രവർത്തിച്ചിരുന്നു.
പോലീസ് ഉദ്യോഗസ്ഥനെ ഭീകരവാദികൾക്കൊപ്പം അറസ്റ്റ് ചെയ്തെങ്കിലും ഇതേപ്പറ്റി പ്രതികരിക്കാൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. ഭീകരരുമായുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധം അന്വേഷിച്ചുവരികയാണ്. ദേവീന്ദർ സിങിനെ ഭീകരർക്കൊപ്പം പിടികൂടിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു.
Content highlight; A police officer was taken into custody along with terrorists in Jammu and Kashmir