തലസ്ഥാന നഗരിയിൽ സദാചാര ഗുണ്ടായിസ ആക്രമണം നേരിട്ടെന്ന പരാതിയുമായി യുവതി രംഗത്ത്

moral policing

സദാചാര ഗുണ്ടായിസ ആക്രമണം നേരിട്ടെന്ന പരാതിയുമായി യുവതി രംഗത്ത്. തനിക്ക് നേരിട്ട സദാചാര ആക്രമണത്തെക്കുറിച്ചും തുടർന്ന് പോലീസ് സ്റ്റേഷനിൽ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും യുവതി തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്. ശനിയാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം തിരുവനന്തപുരം ശംഖുമുഖം ബീച്ചിലിരിക്കവെ കുറച്ച് പേര്‍ വന്ന് ചോദ്യം ചെയ്യുകയും ആക്രമണം നടത്തുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു. പരാതിയുമായി പോലീസ് സ്റ്റേഷനിൽ നിന്ന് എത്തിയ യുവതിക്ക് പോലീസുകാരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റമാണ് അനുഭവപ്പെട്ടതെന്നും യുവതി തൻറെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തി.

ശനിയാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലിരിക്കവെ ഏഴോളം പേർ അടങ്ങുന്ന സംഘം തന്നെ ചോദ്യം ചെയ്യുകയും അസഭ്യപരമായ വാക്കുകൾ പറയുകയും തുടർന്ന് ആക്രമണം നടത്തുകയുമായിരുന്നു. ആക്രമികളെ കണ്ടാൽ കഞ്ചാവ് അടിച്ചവരുടെ പോലെ ആയിരുന്നുവെന്നും യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

എന്നാൽ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അസമയത്ത് എന്തിനാണ് ബീച്ചില്‍ പോയതെന്നായിരുന്നു പോലീസ് ആദ്യം ചോദിച്ചത്. പരാതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണ്, കൂടെ വന്നവരുമായുള്ള ബന്ധമെന്താണ്, ഇങ്ങനെ നിരവധി ചോദ്യങ്ങളായിരുന്നു പോലീസിനുണ്ടായിരുന്നത്. പരാതിയുമായെത്തുന്ന ഒരു സ്ത്രീയോട് പോലീസ് ഇങ്ങനെയാണോ പെരുമാറുന്നതെന്നും യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ യുവതിക്ക് പിൻതുണയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും രംഗത്ത് എത്തിയിരിക്കുന്നത്.

യുവതിയെ അഭിനന്ദിച്ചുകൊണ്ട് ഐ എ എസ് ഓഫീസർ ബിജു പ്രഭാകരും ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. സംഭവം അറിഞ്ഞുടനെ തന്നെ ഈ വിഷയം തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ശ്രി. ബലറാം കുമാർ ഉപാധ്യായ IPS ന്റെ ശ്രദ്ധയിൽ കൊണ്ട് വന്നെന്നും യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വലിയതുറ പോലീസ് സ്റ്റേഷൻ ക്രൈം 64/2020 U/s 341,294(b) 323,509 & 34 IPC പ്രകാരം12/01/2020 14.15 മണിക്ക് കേസ് രജിസ്റ്റർ ചെയ്‌തെന്നും ഇതിനോടകം നാലുപേരെ അറസ്റ്റ് ചെയ്‌തെന്നും പോലീസ് കമ്മീഷണർ അറിയിച്ചതായി
ഐ എ എസ് ഓഫീസർ പോസ്റ്റിൽ വ്യക്തമാക്കുന്നു.

വള്ളക്കടവ് പുതുവൽ പുരയിടം നഹാസ്, കുരിശ്ശുമൂട് വില്ല മുഹമ്മത് അലി, പുതുവൽ പുരയിടം സുഹെെബ്, പൂത്തുറ മാണിക്യവിളകം അനസാരി എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

content highlights: complaints about moral policing again in thiruvananthapuram