പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ചന്ദ്രശേഖർ ആസാദിന് ജാമ്യം

chandrashekhar azad

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം ലഭിച്ചു. എന്നാൽ അടുത്ത ഒരു മാസം പ്രതിഷേധ യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കും നാല് ആഴ്ചത്തേക്ക് ഡൽഹിയിൽ പ്രവേശിക്കരുതെന്നുമുള്ള കർശന ഉപാധികളോടെയാണ് ഡൽഹി കോടതി ചന്ദ്രശേഖർ ആസാദിന് ജാമ്യം അനുവദിച്ചത്.

ഫെബ്രുവരി 16-ന് മുന്‍പായി ആസാദ് ചികിത്സയ്ക്കായി ദില്ലി എയിംസില്‍ പോകാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ദില്ലി പൊലീസിനെ മുന്‍കൂട്ടി അറിയിക്കണമെന്നും ഉത്തര്‍പ്രദേശിലെ സഹന്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

അനുമതിയില്ലാതെ ജുമാ മസ്ജിദിൽ നിന്നും ഡൽഹി ഗേറ്റിലേക്ക് മാർച്ച് നടത്താനും അക്രമത്തിനു പ്രേരിപ്പിച്ചുവെന്നുമുള്ള കുറ്റാരോപണം ചൂണ്ടിക്കാട്ടി ഡിസംബർ 21 മുതൽ ചന്ദ്രശേഖർ റിമാൻഡിലാണ്. തിങ്കളാഴ്ച ആസാദിനെ ചികിത്സയ്ക്കായി ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രക്തത്തിൽ ചുവന്ന രക്താണുക്കൾ വർധിക്കുന്ന പോളിസൈതേമിയ എന്ന അസുഖമുള്ള ചന്ദ്രശേഖറിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ചന്ദ്രശേഖറിന് ചികിത്സ നൽകാൻ ഡൽഹി കോടതി തീഹാർ ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകിയത്.

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന വേളയില്‍ ആസാദിന് ജാമ്യം നല്‍കി പുറത്തു വിടുന്നത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുമെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് ദില്ലി പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ആസാദിന്‍റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത ദില്ലി പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് കഴിഞ്ഞ ദിവസം കോടതി നടത്തിയത്.

Content highlights:  Bhim Army chief Chandrashekhar azad granted bail by Delhi court