പൗരത്വനിയമത്തിനെതിരായ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്കെതിരെ ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കര്‍. രാജ്യവ്യാപക പ്രക്ഷോഭങ്ങൾ നടക്കുന്നത് കേട്ടുകേൾവികളുടെ അടിസ്ഥാനത്തിലാണെന്ന് രവിശങ്കർ ആരോപിച്ചു. പൗരത്വനിയമത്തിൽ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും ശ്രീശ്രീ രവിശങ്കർ പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു രവിശങ്കറിൻ്റെ പ്രതികരണം. രാജ്യത്തിൻ്റെ പാരമ്പര്യമെന്നത് അഭയാർത്ഥികളെ സ്വീകരിക്കുന്നതാണ്. അതുകൊണ്ട് തന്നെ പുതിയ നിയമ ഭേദഗതിയിൽ തെറ്റില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പരാതികൾ ഉണ്ടെങ്കിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. അയോധ്യ പ്രശ്‌നം പരിഹരിച്ചത് കോടതിയാണ്. ശബരിമല തർക്കവും കോടതിയാണ് പരിഗണിക്കുന്നത്. പൊതു മുതൽ നശിപ്പിച്ചുള്ള സമര രീതി വേണ്ടെന്നും ശ്രീ ശ്രീ രവിശങ്കർ വിമർശനം ഉന്നയിച്ചു. ശ്രീലങ്കൻ അഭയാർത്ഥികളുടെ കാര്യത്തിലും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ വിവരങ്ങളുടെ പുറത്ത് നടക്കുന്ന പ്രതിഷേധങ്ങൾ ആര് നടത്തിയാലും തടയണമെന്നും തെറ്റായ വിവരങ്ങളെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും രവിശങ്കർ വ്യക്തമാക്കി.
Content Highlights: Sri Sri Ravi Shankar against caa protests