ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ

kodiyeri balakrishnan

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണനും രംഗത്ത്. സർക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവർണർ സ്ഥാനമെന്നും കേന്ദ്ര സർക്കാരിന്റെ പ്രീതിക്കുവേണ്ടിയാണ് ഗവർണറുടെ അനുചിത ഇടപെടലെന്നും കോടിയേരി പറഞ്ഞു. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലാണ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

”കേന്ദ്രസര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടി സംസ്ഥാന ഗവര്‍ണര്‍ അനുചിതമായ അഭിപ്രായപ്രകടനങ്ങളും അനാവശ്യ ഇടപെടലുകളും നടത്തുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത നിയമസഭയെയും സംസ്ഥാന സര്‍ക്കാരിനെയും അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി. അത് ഇപ്പോഴത്തെ ഗവര്‍ണര്‍ മറക്കുകയാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ഹിന്ദുത്വത്തിന് കീഴ്‌പ്പെടുത്താനുള്ള പ്രവണത അപകടകരമായി വളര്‍ന്നിരിക്കുകയാണ്. ഈ ഘട്ടത്തില്‍ അതിനെതിരായ ജനകീയ പ്രതിഷേധം വളര്‍ത്താന്‍ ഇ ബാലാനന്ദന്‍ സ്മരണ കരുത്ത് പകരും” – കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ പറഞ്ഞു.

പൗരത്വനിയമഭേദഗതി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയ മുഖ്യമന്ത്രിയുടെ ഇടപെടലിനെ വിമർശിച്ച് ഗവർണർ നേരത്തെ രംഗത്ത് വന്നിരുന്നു. നിയമസഭയില്‍ പ്രമേയം പാസാക്കിയതിനെയും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. പൌരത്വ ഭേദഗതി നിയമത്തെ പിൻ താങ്ങുന്ന ഗവർണർക്ക് എതിരെ പ്രതിപക്ഷ നേതാവും നേരത്തെ രംഗത്ത് എത്തിയിരുന്നു.

content highlights: kodiyeri Balakrishnan against Kerala governor