തുറന്ന വേദിയില്‍ സുരക്ഷയില്ലന്ന് ആരോപിച്ച് കോഴിക്കോട്ടെ പൊതുപരിപാടിയില്‍ നിന്ന് പിന്മാറി ഗവര്‍ണര്‍

arif mohammad khan

കോഴിക്കോട്ടെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഗവര്‍ണര്‍ പിന്‍വാങ്ങി. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പിന്മാറ്റമെന്നാണ് സൂചന. ഇന്ന് വൈകിട്ട് ഡിസി ബുക്ക്സ് സംഘടിപ്പിക്കുന്ന ലിറ്ററി ഫെസ്റ്റിവലില്‍ നിന്നാണ് ഗവർണ്ണർ പിന്മാറിയത്. ഇന്ത്യന്‍ ഫെഡറലിസം എന്ന വിഷയത്തിലുള്ള സംവാദത്തില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്കായിരുന്നു ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ പൊതുസ്ഥലത്തുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ഗവര്‍ണര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഓഫീസ് സംഘാടകരെ അറിയിക്കുകയായിരുന്നു.

ഓരോ സെഷനിലും ആയിരത്തിലധികം ആളുകളാണ് പങ്കെടുക്കുന്നത്. അതു കൊണ്ട് തന്നെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായാല്‍ നിയന്ത്രിക്കാന്‍ കഴിയാതാകുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഒരു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പരിപാടി നടത്താന്‍ സംഘാടകരുടെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ നടന്നെങ്കിലും, ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് സംഘാടകരെ ഗവര്‍ണറുടെ ഓഫീസ് അറിയിക്കുകയായിരുന്നു. ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കവേ ഗവര്‍ണര്‍ക്കെതിരെ ഉണ്ടായ പ്രതിഷേധം കൂടി കണക്കിലെടുത്താണ് ഗവര്‍ണറുടെ പിന്മാറ്റം.

Content Highlights: the governor will not participate in function in Kozhikode due to security issues