‘ഞാനൊരു റബ്ബര്‍ സ്റ്റാമ്പല്ല’, കോടതിയെ സമീപിച്ചത് സര്‍ക്കാര്‍ അറിയിച്ചില്ല; സർക്കാർ നടപടിയെ വിമർശിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

arif muhammed khan

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ കാര്യം ഗവര്‍ണറോട് ആലോചിക്കേണ്ട ബാധ്യത സര്‍ക്കാരിന് ഉണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി. താനൊരു റബ്ബര്‍ സ്റ്റാമ്പല്ലെന്നായിരുന്നു ഇക്കാര്യത്തില്‍ ഗവര്‍ണറുടെ പ്രതികരണം. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോകുന്നതില്‍ എതിരല്ല. ഭരണഘടന പ്രകാരം അവര്‍ക്ക് അതിന് അവകാശമുണ്ട്. പക്ഷെ ആ വിവരം ഗവര്‍ണറെ അറിയിച്ചില്ല. സര്‍ക്കാര്‍ നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിനെ കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുക മാത്രമാണ് ചെയ്തത്. തീരുമാനം എടുക്കുന്നതിന് മുമ്പ് തൃപ്തി തോന്നണം. നിയമസഭ ചേരാനിരിക്കുകയാണ്. ഭരണഘടനയും നിയമവും ആരും മറികടക്കരുതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഓർഡിനൻസിൽ ഒപ്പിടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും, അതിന്‍റെ നിയമ വശങ്ങൾ പരിശോധിക്കുകയാണെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വിശദീകരിച്ചു.

Content Highlights: governor Arif Muhammed khan against Kerala government on caa supreme court and local ordinance