പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം; സുപ്രീം കോടതി

പതിനെട്ട് വയസ്സ് പൂർത്തിയായ ഒരാൾക്ക് സ്വന്തം മതം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി. ബി.ജെ.പി. നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ നൽകിയ പൊതുതാത്‌പര്യഹർജി തള്ളിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഭീഷണിപ്പെടുത്തിയും പാരിതോഷിങ്ങളും പണവും നൽകിയും മന്ത്രവാദത്തിലൂടെയും അന്ധവിശ്വാസത്തിലൂടെയുമുള്ള മതപരിവർത്തനം തടയണമെന്നാവശ്യപ്പെട്ടായിരുന്നു അശ്വിനികുമാറിന്റെ ഹർജി. പ്രായപൂർത്തിയായ ഒരാൾക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഭരണ ഘടനപ്രകാരം അവകാശമുണ്ടെന്ന് ജസ്റ്റിസ് റോഹിന്റൺ എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരം പൊതുതാത്‌പര്യഹർജി നൽകുന്നത് പ്രശസ്തിക്കു വേണ്ടിയാണെന്നും ഇതു തുടർന്നാൽ കനത്ത പിഴ വിധിക്കുമെന്നും കോടതി മുന്നറിയിപ്പു നൽകി.

തന്റെ മതം എന്തായിരിക്കണം, ജീവിത പങ്കാളി ആരായിരിക്കണം എന്നതിൽ അന്തിമ തീരുമാനം വ്യക്തികൾക്കു തന്നെയാണ്. ഇക്കാര്യത്തിൽ കോടതിക്ക് വിധി പറയാനാവില്ല. സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ഭാഗം തന്നെയാണ് മതവിശ്വാസത്തിന്റേതും. ജീവിക്കാനുള്ള അവകാശം, അന്തസ്സ്, സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെടുത്തി സ്വകാര്യതയുടെ അവകാശം ലംഘിക്കരുതെന്നുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി ചൂണ്ടിക്കാട്ടി ജസ്റ്റിസ് നരിമാൻ പറഞ്ഞു. അപേക്ഷയുമായി ലോ കമ്മിഷനെയോ ഹൈക്കോടതിയെയോ സമീപിക്കാനുള്ള അശ്വിനി കുമാറിന്റെ അപേക്ഷയും ബെഞ്ച് അനുവദിച്ചില്ല.

content highlights: Persons Above 18 Free To Choose Religion: Supreme Court On Religious Conversion