വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളായ വിദ്യാർത്ഥികൾക്കു നേരെ വധശ്രമത്തിന് കേസെടുത്തു. വിദ്യാർത്ഥിയെ മർദ്ദിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് വിസി ഉറപ്പ് നൽകിയതോടെ കുസാറ്റിലെ വിദ്യാർത്ഥി സമരം അവസാനിപ്പിക്കുകയായിരുന്നു.
ഇന്‍സ്ട്രുമെന്റേഷന്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആസില്‍ അബൂബക്കറിനെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ചേര്‍ന്ന് കാറിടിച്ചു പരിക്കേല്പിച്ച സംഭവത്തില്‍ സംയുക്ത പ്രതിഷേധവുമായി സഹപാഠികള്‍ ഇന്ന് രാവിലെ പ്രതിഷേധിച്ചിരുന്നു. രാഹുല്‍ പേരാളം, പ്രജിത്ത് കെ ബാബു എന്നീ എസ്എഫ്ഐ നേതാക്കളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആസില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ വാക്ക് തര്‍ക്കമാണ് ആസിലിനെ കാറിടിച്ച് പ്രതികാരം ചെയ്യുന്നതിന് കാരണമായത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും കുറ്റക്കാരായ രണ്ടുപേരെ പുറത്താക്കണമെന്നുമായിരുന്നു പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളുടെ ആവശ്യം.
Content highlights: murder attempt filed on sfi unit leaders in cusat campus