പാക് ചാര സംഘടന ഐഎസ്ഐക്ക് വിവരം നൽകിയ 23 വയസ്സുകാരൻ അറസ്റ്റിൽ

Varanasi youth arrested allegedly for spying work for Pakistan

പാകിസ്ഥാൻറെ ചാര സംഘടനയായ ഐഎസ്ഐക്ക് രഹസ്യങ്ങൾ ചോർത്തി നൽകിയ കുറ്റത്തിന് വരണാസിയിൽ മുഹമ്മദ് റാഷിദ് എന്ന 23കാരൻ പിടിയിലായി. എട്ടാം ക്ലാസ് വിദ്യാഭ്യാസത്തിനു ശേഷം ടൈലറിങ് ഷോപ്പും മരുന്ന് കടയും നടത്തിവരികയായിരുന്നു റാഷിദ്. ഇയാൾ 2019 മാർച്ച് മുതൽ ഐഎസ്ഐക്ക് വിവരങ്ങൾ കൈമാറുന്നുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശ് എടിഎസും മിലിട്ടറി ഇന്‍റലിജൻസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ചാന്ദൗലി ജില്ലയിൽ വെച്ച് യുവാവിനെ പിടികൂടിയത്.

ഇന്ത്യൻ ആർമിയുടെ നീക്കങ്ങൾ നിരീക്ഷിച്ച് വന്ന ഇദ്ദേഹം സിആർപിഎഫിൻ്റേതടക്കം ഫോട്ടോയെടുത്ത് പാകിസ്ഥാന് അയച്ച് കൊടുത്തെന്നാണ് യുപി ഭീകരവിരുദ്ധ സേന പറയുന്നത്. അറസ്റ്റിലായ യുവാവ് കുറ്റം സമ്മതിച്ചതായും പാകിസ്ഥാനിൽ നിന്ന് രണ്ട് തവണ പരിശീലനം ലഭിച്ചെന്നും യുവാവ് പറഞ്ഞതായി എടിഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പാകിസ്ഥാൻ ഇന്‍റലിജൻസ് വിഭാഗത്തിന് വാരണാസിയിൽ നിന്ന് വിവരങ്ങൾ വാട്സാപ്പിലൂടെ ലഭിക്കുന്നതായി സൂചനകൾ കഴിഞ്ഞ ജൂലൈയിൽ മിലിട്ടറി ഇന്‍റലിജൻസിന് ലഭിച്ചിരുന്നു. തുടർന്ന് കേന്ദ്ര സേനയുടെ സഹായത്തോടെ യുപി ഭീകരവിരുദ്ധ സേനയും മിലിട്ടറി ഇന്‍റലിജൻസും ചേർന്ന് ആഴ്ചകളോളം നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രതിയെ പിടികൂടിയത്.

സംശയം തോന്നിയവരെ നേരത്തെ ചോദ്യം ചെയ്യലിനായി സേന വിളിച്ച് വരുത്തിയിരുന്നു. ജനുവരി 16നായിരുന്നു റാഷിദിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്. തുടർന്ന് മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പാകിസ്ഥാനിലേക്ക് വിവരങ്ങൾ കൈമാറിയത് മുഹമ്മദ് റാഷിദ് തന്നെയാണെന്ന് വ്യക്തമാവുകയായിരുന്നു. മൊബൈൽ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇയാളെ ഞായറാഴ്ച അറസ്റ്റ് ചെയ്യുന്നത്.

Content highlights: Varanasi youth arrested allegedly for spying work for Pakistan