മുംബൈയില്‍ ബീഫ് വിറ്റതിൽ ആക്രമണത്തിന് ഇരയായ വ്യാപാരിയെ അഭയാര്‍ത്ഥിയായി സ്വീകരിച്ച് കാനഡ

Canada gave refugee status to Indian beef merchant

ബീഫ് വിറ്റതിന് മുംബൈയില്‍ ആക്രമണത്തിന് ഇരയായ വ്യാപാരിയെ അഭയാര്‍ത്ഥിയായി സ്വീകരിച്ച് കാനഡ. തനിക്ക് ഇന്ത്യയില്‍ സമാധാനത്തോടെ ജോലി ചെയ്ത് ജീവിക്കാനാകില്ല, അതിനാൽ അഭയാര്‍ത്ഥി കാര്‍ഡ് നല്‍കണമെന്ന് ഇയാള്‍ മൊണ്ട്രിയാലിലെ കോടതിയോട് പറഞ്ഞു. കുടുംബത്തോടൊപ്പം മുംബൈയില്‍ താമസിച്ചിരുന്ന ഇയാള്‍ 1998 മുതല്‍ മുംബൈയില്‍ ബീഫ് കച്ചവടം നടത്തുകയായിരുന്നു. എന്നാല്‍, 2014ല്‍ ബീഫ് കച്ചവടം നടത്തിയതിന് ഇയാള്‍ക്കെതിരെ ഒരു സംഘം ആളുകളുടെ ആക്രമണമുണ്ടാകുകയും, ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് ഇയാള്‍ ആരോപിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിൻ്റെ വീടും ആക്രമിക്കപ്പെട്ടു.

പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ഇയാള്‍ അന്ധേരി കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പുണെയില്‍ ബീഫ് ഷോപ്പ് തുറക്കാന്‍ ശ്രമിച്ചെങ്കിലും ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയുണ്ടായി. 2015ല്‍ മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചതോടെ ഇയാള്‍ ഫ്രാന്‍സിലേക്ക് പോയി. ഫ്രാന്‍സില്‍ ഒരു വര്‍ഷം താമസിച്ചെങ്കിലും സ്ഥിരതാമസത്തിന് അനുമതി ലഭിച്ചില്ല. ഫ്രാന്‍സില്‍ അഭയാര്‍ത്ഥി പദവിക്കായി ശ്രമിച്ചെങ്കിലും അതും കിട്ടിയില്ല. തുടര്‍ന്ന് കാനഡയിലേക്ക് പോകുകയായിരുന്നു. 2017ല്‍ ആദ്യം അഭയാര്‍ത്ഥി പദവിക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. ഇന്ത്യയില്‍ ജീവിക്കാനുള്ള ഭീഷണി വ്യക്തമാക്കിയുള്ള തെളിവുകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് അപേക്ഷ നിരസിച്ചത്.

2018ല്‍ ഇദ്ദേഹത്തിൻ്റെ അപേക്ഷ വീണ്ടും പരിഗണിച്ചു. വാദങ്ങള്‍ കേട്ട കോടതി ഇയാളെ കൊല്‍ക്കത്ത, ബംഗളൂരു എന്നിവിടങ്ങളില്‍ പുനരധിവസിപ്പിക്കുന്ന കാര്യം ആലോചിച്ചു. എന്നാല്‍, ബീഫിൻ്റെ പേരില്‍ ഇന്ത്യയില്‍ ഉണ്ടാകുന്ന ആക്രമണ സംഭവങ്ങളുടെ റിപ്പോര്‍ട്ടുകളും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളും കോടതി നിരീക്ഷിക്കുകയും, ഇയാള്‍ പറയുന്നതില്‍ വാസ്തവമുണ്ടെന്നും ബീഫ് വ്യാപാരം നടത്തി ഇന്ത്യയില്‍ ജീവിക്കാന്‍ ഭീഷണിയുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് കാനഡയില്‍ അഭയാര്‍ത്ഥി പദവി നല്‍കാന്‍ കോടതി തീരുമാനിച്ചത്. ഒരു മുസ്ലിം എന്ന നിലയില്‍ ബീഫ് കച്ചവടം ചെയ്ത് ജീവിക്കാന്‍ ഇന്ത്യയില്‍ ഭീഷണിയുണ്ടെന്നും അഭയാര്‍ത്ഥി പദവി നല്‍കണമെന്നുമാണ് ഇയാള്‍ കോടതിയില്‍ വാദിച്ചത്. തുടര്‍ന്ന് ഇയാളുടെ വാദം റെഫ്യൂജി അപ്പീല്‍ ഡിവിഷന്‍ കോടതി അംഗീകരിക്കുകയും ചെയ്തു.

Content Highlights: Canada gave refugee status to Indian beef merchant