അമ്പായത്തോട് പ്രകടത്തിന് എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി വിവരം. മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീൻ, കർണ്ണാടകയിൽ നിന്നുള്ള സാവിത്രി എന്നിവർ സംഘത്തിലുണ്ടെന്നാണ് പൊലീസിൻറെ നിഗമനം.
കൊട്ടിയൂർ അമ്പായത്തോടിൽ സായുധരായ മാവോയിസ്റ്റ് സംഘം ഇന്നലെ രാവിലെ ആറുമണിയോടെയാണ് പ്രകടനം നടത്തിയത്. ഒരു സ്ത്രീയടക്കം നാലംഗ സംഘമാണ് പ്രകടനം നടത്തിയത്. പ്രകടനത്തിന് മുന്നോടിയായി രാവിലെ ആറ് മണിയോടെ ടൗണിലെത്തിയ സംഘം പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്തതിനു ശേഷമാണ് പ്രകടനം നടത്തിയത്. മാവോയിസ്റ്റ് സംഘത്തിൽ മലയാളം സംസാരിക്കുന്നവരുമുണ്ടെന്നാണ് ലഭിച്ചിരുന്ന വിവരങ്ങള്‍.
ഇവർക്കെതിരെ വലിയ രീതിയിലുള്ള തിരച്ചില്‍ നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. നേരത്തെയും സായുധ മാവോയിസ്റ്റ് സംഘം എത്തുകയും പ്രകടനം നടത്തുകയും ചെയ്തിരുന്ന പ്രദേശമാണ് അമ്പായത്തോട്. സംഭവത്തിൽ പൊലിസ് യുഎപിഎ പ്രകാരം കേസെടുത്തു. മാവോയിസ്റ്റുകൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സിസി ടിവി ദൃശ്യങ്ങളിൽ മാവോയിസ്റ്റുകളുടെ മുഖം വ്യക്തമല്ല. ദൃക്സാക്ഷികളുടെ മൊഴികളെ ആശ്രയിച്ചാണ് പൊലീസിൻറെ അന്വേഷണം നടക്കുന്നത്. സംശയിക്കുന്ന മാവോയിസ്റ്റുകളുടെ ഫോട്ടോയും പ്രദേശവാസികളെ കാണിച്ചു.
പൊലീസ് തിരയുന്ന മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീൻറെ നേതൃത്വത്തിലുള്ള സംഘമാണ് അമ്പായത്തോട് എത്തിയതെന്നാണ് സംശയിക്കുന്നത്. സംഘത്തിലുണ്ടായിരുന്ന സ്ത്രീ കർണ്ണാടക സ്വദേശി സാവിത്രിയാണെന്നും വിവരമുണ്ട്. മറ്റ് രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. മാവോയിസ്റ്റുകളെ നേരിട്ട് കണ്ടവരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു.
Content highlights: Kannur Maoists identified