സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ എഡിജിപിയായി തരം താഴ്ത്താൻ സർക്കാർ തീരുമാനം.
ജേക്കബ് തോമസ് നിരന്തരമായി ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നതിനാലാണ് സർക്കാറിന്റെ ഈ തീരുമാനം. ഇത് സംബന്ധിച്ചുളള നിര്‍ദ്ദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു.
സംസ്ഥാനത്ത് ഇത് ആദ്യമായിയാണ് ഒരു ഉന്നത ഉദ്യോഗസ്ഥനെ സർക്കാർ തരം താഴ്ത്താനായി ഒരുങ്ങുന്നത്. അതേ സമയം നടപടി എടുക്കുന്നതിന് മുൻപ് സർക്കാർ ജേക്കബ് തോമസിനോട് വിശദീകരണം തേടും. അതിന് ശേഷമായിരിക്കും നടപടി സ്വീകരിക്കുക. നിരന്തരം കേസുകളിൽ അകപ്പെടുന്നതാണ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
2015 ജനുവരിയിലാണ് അദ്ദേഹത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. മെയ് 31ന് ജേക്കബ് തോമസ് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിനെതിരെ നടപടി വരുന്നത്. ജേക്കബ് തോമസ് സര്‍വീസ് ചട്ടങ്ങൾ ലംഘിച്ചതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന റിപ്പോർട്ടുകളുമുണ്ട്. ഐ പി എസ് ഉദ്യോഗസ്ഥനായതിനാൽ കേന്ദ്രസർക്കാരിൻ്റെയാകും അന്തിമ തീരുമാനം.
ജേക്കബ് തോമസ് എഴുതിയ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം, സര്‍വീസ് ചട്ടങ്ങളനുസരിച്ച് ആവശ്യമുള്ള അനുമതികള്‍ ഇല്ലാതെയാണ് പ്രസിദ്ധീകരിച്ചതെന്ന് അന്വേഷണം നടത്തിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ കണ്ടെത്തിയിരുന്നു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ജേക്കബ് തോമസ് 2017 മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു. നിലവിൽ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ എംഡിയാണ് ജേക്കബ് തോമസ്.
content highlights: Govt decided to downgrade IPS officer Jacob Thomas as ADGP








