മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ പ്രതി കീഴടങ്ങി. ഉഡുപ്പി സ്വദേശിയായ ആദിത്യ റാവു ആണ് ബംഗളൂരു ഹലസൂരു പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇയാള്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടെന്ന് സംശയിക്കുന്നതായാണ് പോലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.
വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജരുടെ മുറിയുടെ അടുത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബാഗില്‍ ബോംബ് കണ്ടെത്തിയത്. വിമാനത്താവളത്തിന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്ന വ്യക്തിയുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. ഇയാളുടെ ചിത്രങ്ങള്‍ മംഗളൂരു പൊലീസ് പുറത്തുവിട്ടിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് പ്രതി മംഗളൂരു വിമാനത്താവളത്തിന് സമീപമെത്തിയത്. അപ്പോള്‍ ഇയാളുടെ പക്കല്‍ രണ്ട് ബാഗുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒന്ന് സമീപത്തുള്ള കടയുടെ വരാന്തയില്‍ വെച്ചതിന് ശേഷമാണ് ഓട്ടോയില്‍ വിമാനത്താവളത്തിലെത്തിയത്. കൈയിലുണ്ടായ ബാഗ് ടെര്‍മിനലിന് സമീപം വെച്ചതിന് ശേഷം ഇയാള്‍ തിരിച്ച് ഓട്ടോയില്‍ കയറി കടയില്‍ വച്ച ബാഗുമായി ഇറങ്ങിയെന്ന് ഓട്ടോ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കി.
ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബായിരുന്നു ബാഗിലുണ്ടായിരുന്നത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബോംബ് കണ്ടെത്തിയ ഉടനെ തന്നെ പൊലീസ് അത് നിര്‍വീര്യമാക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആദിത്യ റാവുവിനെ ഇപ്പോഴും ചോദ്യം ചെയ്യുകയാണ്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ഇയാൾ.
Content highlights: Mangalore airport bombshell case accused surrendered