സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തരുതെന്ന് ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശം

loknath behera

സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നതിനും മൊഴി രേഖപ്പെടുത്തുന്നതിനും നിലവിലുള്ള കർശന വ്യവസ്ഥകൾ പാലിക്കണമെന്നും വ്യവസ്ഥകൾ പാലിക്കാത്ത പക്ഷം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി.

സ്ത്രീയുടെ മൊഴിയും വിവരങ്ങളും രേഖപ്പെടുത്തുന്നതിന് ക്രിമിനൽ നടപടി നിയമ സംഹിത പ്രകാരം വ്യക്തമാക്കിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കുകയും കുറ്റകൃത്യത്തിന് വിധേയരാകുന്ന സ്ത്രീകൾക്ക് നിയമ സംരക്ഷണവും ആരോഗ്യ പ്രവർത്തകരുടെയോ വനിതാ സംഘടനകളുടെയോ സഹായം ലഭ്യമാക്കുകയും ചെയ്യണം. കുറ്റകൃത്യത്തിന് വിധേയരായ സ്ത്രീക്ക് ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററുടെയോ ഇൻ്റർപ്രട്ടറുടെയോ സാന്നിധ്യത്തിൽ വീട്ടിൽ വെച്ചോ അവർ പറയുന്ന ഇടത്തുവെച്ചോ മൊഴി രേഖപ്പെടുത്താൻ സന്നദ്ധരാകണം.

ഐപിസിയിലെ 326(എ), 326(ബി), 354, 354(എ), 354(ബി), 354(സി), 354(ഡി), 375, 376, 376(എ), 376(ബി), 376(സി), 376(ഡി), 376(ഇ), 509 എന്നീ വകുപ്പുകള്‍ പ്രകാരമുളള കുറ്റകൃത്യങ്ങള്‍ക്കിരയായ സ്ത്രീയെ അക്കാര്യം അറിയിക്കുമ്പോൾ ഒരു വനിതാ പോലീസ് ഓഫീസറോ വനിതാ ഓഫീസറോ ആ വിവരം രേഖപ്പെടുത്തേണ്ടതാണെന്നും സർക്കുലറിൽ പറയുന്നു.

വനിതകൾ നൽകുന്ന മൊഴി ഒപ്പിട്ടു വാങ്ങേണ്ട ആവശ്യമില്ല പകരം 161(3) വകുപ്പ് പ്രകാരം സ്ത്രീയുടെ മൊഴി രേഖപ്പെടുത്തുമ്പോൾ വീഡിയോയിൽ പകർത്തുക. ക്രിമിനൽ നിയമ സംഹിതയിലെ 161(1) വകുപ്പിൻറെ പ്രൊവിസ് പ്രകാരം സ്ത്രീകളെ പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്താൻ പാടില്ലെന്നും ഡിജിപിയുടെ നിർദ്ദേശത്തിൽ പറയുന്നു.

content highlights: DGP loknath behera circular to police stations regarding cases related to women