സ്വര്‍ണ്ണക്കടത്ത് കേസ്: ഡിജിപി ലോക്നാഥ് ബെഹ്റക്കും കസ്റ്റംസ് നോട്ടീസ്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കും കസ്റ്റംസിന്റെ നോട്ടീസ്. സംസ്ഥാനത്തെ മയക്കുമരുന്ന്-കള്ളക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പോലീസ് നല്‍കിയിരുന്നുവെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ മാധ്യമ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അദ്ദേഹത്തിന് നോട്ടീസയക്കുന്നത്.

സംസ്ഥാനപോലീസിന്റെ കൈവശമുള്ള എല്ലാ വിവരങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടാണ് നടപടി. കസ്റ്റംസ് നിയമം 151ാം വകുപ്പ് പ്രകാരമാണ് നോട്ടിസ് അയക്കുക.എന്‍ ഐ എ ക്ക് വിവരങ്ങള്‍ നല്‍കിയെന്നാണ് ബെഹ്റ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഈ വിവരങ്ങള്‍ തങ്ങള്‍ക്കുനല്‍കാനും അദ്ദേഹം ബാധ്യസ്ഥനാണെന്നും കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു.

അതേ സമയം സംസ്ഥാന പോലീസില്‍നിന്ന് കള്ളക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് സി ഐ എസ് എഫ് രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: Customs to send notice to DGP on Gold smuggling case