രാജസ്ഥാന് നിയമസഭയില്‍ കുട്ടനിറയെ വെട്ടുകിളികളുമായി ബിജെപി എംഎല്‍എയായ ബിഹാരി ലാല്‍ എത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പടിഞ്ഞാറന്‍ രാജസ്ഥാനില്‍ വെട്ടുകിളി ശല്യം മൂലം കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമിയിലെ കൃഷിയാണ് ഇവയുടെ ശല്യം മൂലം നശിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിഷേധ സൂചകമായി കുട്ട നിറയെ വെട്ടുകിളികളുമായി എംഎല്‍എ നിയമസഭയില്‍ എത്തിയത്. ഈ വിഷയം ഗൗരവത്തോടെ കാണണമെന്നും ഇവയുടെ ആക്രമണത്തില്‍ നഷ്ടം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് വേഗത്തിലാക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പുൽച്ചാടിക്കു സമാനമായ ചെറുജീവികളാണു വെട്ടുകിളികൾ. പാക്കിസ്ഥാനിലെ മരുപ്രദേശങ്ങളിൽ നിന്നാണു വെട്ടുകിളികൾ കൂട്ടത്തോടെയെത്തുന്നത്. വയലുകളിലേക്ക് ഇരച്ചെത്തി ഇവ വിളകൾ തിന്നുതീർക്കുകയാണ്. കൃഷിയിടങ്ങളില്‍ വലിയ നാശനഷ്ടങ്ങളാണ് ഇവ ഉണ്ടാക്കുന്നത്.
ഈ വിഷയം സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നും, പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിലാണ് സര്‍ക്കാരിൻറെ ശ്രദ്ധയെന്നും ബിഹാരി ലാല്‍ കുറ്റപ്പെടുത്തി. രാജസ്ഥാനിലെ 11 ഓളം ജില്ലകളില്‍ കഴിഞ്ഞ 25 വര്‍ഷത്തോളമായി വെട്ടുകിളി ശല്യം രൂക്ഷമാണ്. 3.70 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് വെട്ടുകിളി ശല്യം തടയാനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Content highlights: The BJP MLA came to the legislative assembly with locusts