കൊറോണ വെെറസ് പടരുന്ന സാഹചര്യത്തിൽ ചൈനയില്‍ നിന്നെത്തിയ പേരാവൂർ സ്വദേശികൾ നിരീക്ഷണത്തിൽ. ആരോഗ്യവകുപ്പ് ഇവർക്ക് മുന്നറിയിപ്പ് നൽകി. ഒരു കുടുംബത്തിലെ അഞ്ചു പേരാണ് ചൈനയില്‍ നിന്ന് കൊല്‍ക്കത്ത എയര്‍പോര്‍ട്ട് വഴി കഴിഞ്ഞ വെള്ളിയാഴ്ച നാട്ടിലെത്തിയത്.
കേരളത്തിലെത്തിയ ഇവർക്ക് 28 ദിവസത്തേക്ക് പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിനും മറ്റുള്ളവരുമായി ഇടപെഴകുന്നതിനും ആരോഗ്യവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, നാട്ടിലെത്തിയ കുടുംബം മറ്റൊരു സ്ഥലത്തേക്ക് പോയെന്നാണ് റിപ്പോർട്ട്. ഇതോടെ ഇവരെ നേരിൽ കാണാനോ ബോധവൽകരണം നടത്താനോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ചൈനയിൽ നിന്നെത്തിയവരെ കർശനമായി നിരീക്ഷിക്കുക എന്ന ആരോഗ്യവകുപ്പിൻ്റെ നിർദേശത്തെ തുടർന്നായിരുന്നു ഈ കുടുംബത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
ചൈനയിൽ കൊറോണാ വൈറസ് പടർന്നതോടെ മരിച്ചവരുടെ എണ്ണം 80 ആയി. രാജ്യത്ത് വൈറസ് ബാധ ഏറ്റവരുടെ എണ്ണം 2744 ആയെന്നും പലരുടെയും ആരോഗ്യനില മോശമായി തുടരുകയാണെന്നും അതിനാൽ മരണ സംഖ്യ വർധിക്കാനുള്ള സാധ്യത കൂടുതലാണെന്നും പ്രസിഡന്റ് ഷീ ജിൻപിങ് വ്യക്തമാക്കിയിട്ടുണ്ട്.
Content highlights: 5 persons who returned from china under observation due to coronavirus








