ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സൗദി പൗരന്മാര്‍ക്ക് വിസ നടപടികള്‍ ലളിതമാക്കി കേന്ദ്ര സര്‍ക്കാര്‍

Central government simplifies visa procedures for Saudi nationals who wish to visit India

ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സൗദി പൗരന്മാര്‍ക്ക് വിസ നടപടികള്‍ ലളിതമാക്കി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാൻ്റെ ഇന്ത്യ സന്ദര്‍ശന വേളയിലുണ്ടായ തീരുമാന പ്രകാരമാണ് ഓണ്‍ലൈന്‍ വിസ (ഇ-വിസ) സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തിയത്. വിനോദ സഞ്ചാരത്തിനും ചികിത്സക്കും ബിസിനസ് ആവശ്യത്തിനുമായി ഇന്ത്യയിലേക്ക് പോകുന്നതിനുള്ള വിസകളിന്മേലുള്ള നടപടികളാണ് ഇപ്പോള്‍ ലഘൂകരിച്ചിരിക്കുന്നത്. ഇലക്‌ട്രോണിക് -വിസ സേവനമാണ് കൂടുതല്‍ എളുപ്പമാക്കിയിരിക്കുന്നത്. നിലവിൽ കേന്ദ്ര സർക്കാർ വിസയുടെ കാല ദൈർഘ്യവും വർദ്ധിപ്പിച്ചിട്ടുണ്ട്. മൾട്ടി എൻട്രി ടൂറിസ്റ്റ് വിസകൾക്ക് ഏര്‍പ്പെടുത്തിയിരുന്ന ചാര്‍ജും പകുതിയായി കുറച്ചു.

മള്‍ട്ടി എന്‍ട്രിയോട് കൂടിയ ഹ്രസ്വകാല ടൂറിസ്റ്റ് വിസക്ക് ഒരു മാസത്തേക്ക് 25 ഡോളറാണ് പുതുക്കിയ നിരക്ക്. 80 ഡോളര്‍ നല്‍കിയാല്‍ അഞ്ചു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിൾ എന്‍ട്രി ടൂറിസ്റ്റ് വിസയും ഇനി അനുവദിക്കും. അതേസമയം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പ്രത്യേക കാലയളവിലാണെങ്കില്‍ 10 ഡോളര്‍ മാത്രം നല്‍കിയാല്‍ മതി. ബിസിനസ്, മെഡിക്കല്‍, കോണ്‍ഫറന്‍സ് വിസകളുടെയും കാലദൈര്‍ഘ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് നാലു ദിവസം മുമ്പ് അപേക്ഷ നല്‍കിയാലും ഇനി വിസ ലഭിക്കും. ഓണ്‍ലൈന്‍ വിസക്കു പുറമെ എംബസി വഴിയുള്ള കടലാസ് വിസകള്‍ അനുവദിക്കുന്നത് തുടരും. ഇത് അനുവദിക്കുന്നതിനുള്ള കാലതാമസം പരമാവധി രണ്ട് പ്രവൃത്തി ദിനങ്ങളായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

Content Highlights: Central government simplifies visa procedures for Saudi nationals who wish to visit India