കൊറോണ വൈറസ് ജീവനുകൾ അപഹരിക്കുന്നതിനിടെ തങ്ങളുടെ പൗരന്മാരെ വുഹാനിൽ നിന്ന് രക്ഷിച്ച് സ്വന്തം രാജ്യത്തെത്തിക്കാൻ ശ്രമിക്കുകയാണ് ലോക രാഷ്ട്രങ്ങൾ. ഇതിനിടെ ഭാര്യയെ ഉപേക്ഷിച്ച് പോകാനാകാതെ കണ്ണീരിലായിരിക്കുകയാണ് ചൈനയിലെ ഒരു ബ്രിട്ടീഷ് പൗരൻ. ചൈനീസ് വംശജയാണ് ഭാര്യ. അതു കൊണ്ടു തന്നെ ബ്രിട്ടനിലേക്ക് തിരിച്ച് പോകുമ്പോൾ ഭാര്യയെ കൊണ്ടുപോകാൻ ചൈനീസ് സർക്കാർ അനുമതി നൽകിയിട്ടില്ല. ജനുവരി മുപ്പതിന് തങ്ങളുടെ പൗരന്മാരെ വുഹാനിൽ നിന്ന് കൊണ്ടു വരുമെന്നാണ് ബ്രിട്ടൻ ഒടുവിലായി അറിയിച്ചിരിക്കുന്നത്. എന്നാൽ ജെഫ് സിഡിൽ എന്ന ബ്രിട്ടീഷ് പൗരന് ഭാര്യയെ തൻ്റെ കൂടെ കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയാണ്.
ജെഫിൻ്റെ ഭാര്യയ്ക്ക് ബ്രിട്ടനിൽ സ്ഥിര താമസ വിസയുമുണ്ട്. അതിനാൽ ഭാര്യയെയും ബ്രിട്ടനിലേക്ക് കൊണ്ടു പോകാൻ അനുവദിക്കണമെന്നാണ് ജെഫിൻ്റെ ആവശ്യം. ഒമ്പതു വയസുകാരിയായ മകളെ കൂടെകൂട്ടാൻ അനുമതി ലഭിച്ചെങ്കിലും ഭാര്യയ്ക്ക് യാത്രാ അനുമതി ലഭിച്ചിട്ടില്ല. അധികൃതരുടെ കടുംപിടുത്തം കാരണം ഭാര്യയെ ഉപേക്ഷിച്ചുപോകേണ്ട അവസ്ഥയിലാണ് താനെന്ന് ജെഫ് പറയുന്നു. മകളെ അമ്മയിൽ നിന്ന് വേർപ്പെടുത്തുന്നതിൻ്റെ വേദനയും അദ്ദേഹം പങ്കുവെച്ചു. എത്ര കാലത്തേക്ക് ഇത് നീണ്ടു നിൽക്കുമെന്ന ആശങ്കയും ജെഫിനുണ്ട്. ബ്രിട്ടനിലേക്ക് കൊണ്ടു പോയാലും വുഹാനിൽ നിന്നെത്തുന്നവരെ രണ്ടാഴ്ചയോളം സൈനിക ക്യാമ്പിൽ പ്രത്യേക നിരീക്ഷണത്തിൽ പാർപ്പിക്കുമെന്നാണ് ബ്രിട്ടൺ അറിയിച്ചിരിക്കുന്നത്. മുൻ കരുതൽ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം.
Content Highlights: coronavirus, British husband forced to leave wife behind in Wuhan