രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ഷര്‍ജീല്‍ ഇമാമിനെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

Delhi Court Sends Sharjeel Imam To 5-Day Police Custody

രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ഷഹീന്‍ ബാഗ് ഏകോപന സമിതി തലവനും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിനെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പട്യാല ഹൗസ് കോടതിയില്‍ ഷര്‍ജീലിനെ ഹാജരാക്കാന്‍ പോലീസ് ശ്രമിച്ചപ്പോൾ കോടതി പരിസരത്ത് സംഘര്‍ഷം ഉടലെടുത്തു. ഇതേത്തുടര്‍ന്ന് ചീഫ് മെട്രോപോളിറ്റണ്‍ മജിസ്‌ട്രേറ്റ് പുരുഷോത്തം പട്‌നായിക്കിൻറെ വസതിയിലാണ് ഷര്‍ജീലിനെ ഹാജരാക്കിയത്.

രാജ്യദ്രോഹിയായ ഷര്‍ജീലിനെ തൂക്കിലേറ്റണമെന്ന മുദ്രാവാക്യം മുഴക്കി അഭിഭാഷകര്‍ തന്നെയാണ് രംഗത്തെത്തിയത്. രാജ്യത്തെ വിഭജിക്കുന്നതിനെപ്പറ്റി സംസാരിച്ചയാള്‍ക്കെതിരെ പ്രതിഷേധിക്കാനാണ് തങ്ങള്‍ എത്തിയതെന്നാണ് അഭിഭാഷകര്‍ പറഞ്ഞത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിഅ മില്ലിയ സർവകലാശാലയിലും അലിഗഢിലും നടത്തിയ പ്രസംഗത്തിൻറെ പേരിൽ ബിഹാറിലെ ജഹാനാബാദിൽ നിന്ന് ചൊവ്വാഴ്ചയാണ് ഷർജീൽ അറസ്റ്റിലായത്. പ്രതിഷേധത്തിനിടെ ഷർജീൽ രാജ്യദ്രോഹ പ്രസംഗം നടത്തിയെന്നും പ്രസംഗത്തിൻറെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതിൻറെ അടിസ്ഥാനത്തിൽ രാജ്യദ്രോഹക്കേസ് ചുമത്തി ഷര്‍ജീലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Content highlights: Delhi Court Sends Sharjeel Imam To 5-Day Police Custody